ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാനസികമായി തയ്യാറല്ല: ഇവാൻ വുകൊമാനോവിച്ച്

ഒരു മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. എത്ര പേർക്ക് കളിക്കാനാവുമെന്ന് തനിക്ക് അറിയില്ലെന്നും നാളത്തെ മത്സരത്തെപ്പറ്റിയൊന്നും തങ്ങൾ ചിന്തിക്കുന്നില്ലെന്നും ഇവാൻ പറഞ്ഞു. കൊവിഡ് വ്യാപനം ക്യാമ്പിലെ ആകെ മാനസികാവസ്ഥയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇവാൻ്റെ പ്രതികരണത്തിൽ നിന്ന് മനസ്സിലാവുന്നത്.
ക്യാമ്പിൽ കൊവിഡ് ബാധിച്ച എല്ലാവരും നെഗറ്റീവായി പരിശീലനത്തിനിറങ്ങിയിരുന്നു. അഡ്രിയാൻ ലൂണമായി ഏറ്റവും അവസാനമായി ടീമിനൊപ്പം ചേർന്നത്.
ജനുവരി 12ന് ഒഡീഷക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് വ്യാപനമുണ്ടായത്. തുടർന്ന് താരങ്ങളും സപ്പോർട്ട് സ്റ്റാഫുമൊക്കെ ഐസൊലേഷനിൽ പ്രവേശിച്ചു. ക്ലബിൽ കൊവിഡ് ബാധ രൂക്ഷമായിരുന്നു എന്നാണ് വിവരം. എത്ര താരങ്ങൾക്ക് കൊവിഡ് ബാധയുണ്ടായി എന്നത് വ്യക്തമല്ല.
ഇവാൻ നെഗറ്റീവ് ആവാത്തതിനാൽ സഹ പരിശീലകൻ ഇഷ്ഫാഖ് അഹ്മദ് ആയിരുന്നു പരിശീലനത്തിൻ്റെ മേൽനോട്ടം വഹിച്ചിരുന്നത്. ഈ മാസം 30ന് ബെംഗളൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. നിലവിൽ പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ് ബ്ലാസ്റ്റേഴ്സ്. 11 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള ഹൈദരാബാദാണ് ഒന്നാമത്. 12 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റോടെ ജംഷഡ്പൂർ രണ്ടാമതുണ്ട്.
