ഒന്നാം ക്ലാസ്സ് ഒന്നാന്തരമാക്കി ഷൈലജ ടീച്ചർ പടിയിറങ്ങുന്നു

എടപ്പാൾ: കഴിഞ്ഞ 18 വർഷങ്ങളായി കോലോളമ്പ ഗവ. യു പി സ്കൂളിലെ അധ്യാപികയും പഠനത്തിനപ്പുറം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച സി ഷൈലജ ടീച്ചർ പടിയിറങ്ങുന്നു. സ്കൂളിന്റെ സർവതോന്മുഖമായ പുരോഗമന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി രുന്ന ഷൈലജ ടീച്ചർ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഒരു പോലെ പ്രിയങ്കരി ആയിരുന്നു. സി പി എൻ യു പി വട്ടംകുളം, ജി എച്ച് എസ് എസ് വെളിയംകോട് എന്നിവിടങ്ങളിൽലും അധ്യാപികയായിരുന്ന ടീച്ചർ തന്റെ സേവന കാലത്തിന്റെ മുഖ്യ പങ്കും ചെലവഴിച്ചത് കോലോളമ്പ ജി യു പി സ്കൂളിൽ ആയിരുന്നു. തീരുർ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സീഡ് കോ ഓഡിനേറ്റർ ആയ ടീച്ചറുടെ നേതൃത്വത്തിൽ മറ്റു അധ്യാപകരുടെയും കൂട്ടായ പ്രവർത്തന ത്തിന്റെ ഫലമായി വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും തുടർച്ചയായി ആറു വർഷം മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. സ്കൂളിന്റെ പുരോഗതി കണക്കിലെടുത്തു എടപ്പാൾ ഗ്രാമ പഞ്ചായത്ത് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത്തിനായി രർബൻ പദ്ധതി യിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നു വരുകയാണ്. ഈ സാഹചര്യത്തിൽ ഒന്നാംക്ലാസ് ഒന്നാംതരം ആക്കുന്നതിനാവശ്യമായ മുഴുവൻ ഫർണിച്ചറും സ്കൂളിന് സംഭാവന നൽകിയാണ് ടീച്ചർ പടിയിറങ്ങുന്നത്. തന്റെ വിദ്യാലയത്തിലെ അമീന റഹ്മാൻ എന്ന വിദ്യാർത്ഥിനിയുടെ സാഹിത്യവാസന തിരിച്ചറിഞ്ഞു കുട്ടിയുടെ ആദ്യ കഥാസമാഹാരമായ “ജാലകം” പ്രസിദ്ധീകരിക്കുന്നതിന് ഷൈലജ ടീച്ചർ സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാ പിന്തുണയും നൽകിയത് സഹ അധ്യാപകരും വിദ്യാർഥികളും അഭിമാനത്തോടെ ഓർമിക്കുന്നു. ഒരു സ്കൂൾ അധ്യാപിക എന്നതിലുപരി പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷൈലജ ടീച്ചർ തുടർന്നും കോലൊളമ്പ സ്കൂളിന്റെ ഉയർച്ചയിൽ പങ്കാളിത്തം വഹിക്കണമെന്ന് കുട്ടികളും , അധ്യാപകരും, രക്ഷിതാക്കളും ആഗ്രഹിയ്ക്കുന്നു.
