ഐബി ഉദ്യോഗസ്ഥയുടെ മരണം,സുഹൃത്ത് ഒളിവിൽ

മരണത്തിന് തൊട്ടുമുമ്പ് എടപ്പാൾ സ്വദേശിയായ സുകാന്തുമായി ദൈർഘ്യമേറിയ ഫോൺകോൾ
തിരുവനന്തപുരം: വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയുടെ (24) മരണത്തിൽ സുഹൃത്തായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിലേക്ക് അന്വേഷണം. മേഘയുടെ വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സുകാന്തിനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം എടപ്പാളിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിന്റെ ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. മേഘയുടെ ബാങ്ക് അക്കൗണ്ടുകളും ടെലിഫോൺ കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുമ്പത്തെ ദൈർഘ്യമേറിയ കോൾ സുകാന്തിന്റേതാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
ഒരാഴ്ചയായി ഇയാൾ വീട്ടിലില്ലെന്നാണ് പോലീസിനു ലഭിച്ച വിവരം. മേഘയുടെ മരണത്തെത്തുടർന്ന് ഇയാൾ അവധിയിൽ പോയെന്നാണ് ജോലിസ്ഥലത്തുനിന്നു ലഭിച്ച വിവരമെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച രാവിലെ ചാക്കയ്ക്കു സമീപം റെയിൽവേ പാളത്തിലാണ് മേഘ ആത്മഹത്യചെയ്തത്. ഈ സമയത്ത് മേഘ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഫോൺചെയ്തുകൊണ്ട് ട്രാക്കിലൂടെ നടക്കുന്നതിനിടെ തീവണ്ടി വരുന്നതുകണ്ട് പെട്ടെന്ന് മേഘ ട്രാക്കിൽ കിടക്കുകയായിരുന്നുവെന്നാണ് ലോക്കോപൈലറ്റിന്റെ മൊഴി.
മേഘയുടെ ഫോൺ തീവണ്ടിക്കടിയിൽപ്പെട്ട് ചതഞ്ഞനിലയിലായിരുന്നു. അതിനാൽ സൈബർ സംഘത്തിന് ഫോണിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കാനായില്ല. ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു കൈമാറിയിട്ടുണ്ട്.
സഹപ്രവർത്തകന്റെ പങ്ക് അന്വേഷിക്കണമെന്ന് അച്ഛൻ
മേഘയുടെ മരണത്തിൽ സഹപ്രവർത്തകന്റെ പങ്ക് അന്വേഷിക്കണമെന്ന് അച്ഛൻ. മേഘയുടെ ശമ്പളം മുഴുവൻ എട്ടുമാസമായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി സുകാന്ത് സുരേഷ് തട്ടിയെടുക്കുകയായിരുന്നെന്നാണ് അച്ഛൻ മധുസൂദനന്റെ ആരോപണം. ഇക്കാര്യം കാണിച്ച് അദ്ദേഹം ഐബി, എഡിജിപി, പേട്ട പോലീസ് സ്റ്റേഷൻ, കൂടൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ട്രാക്കിൽ തീവണ്ടിതട്ടി മരിച്ചനിലയിൽ മേഘയെ കണ്ടത്. വിമാനത്താവളത്തിലെ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ശേഷമാണ് ഇവിടെ മരിച്ചനിലയിൽ കണ്ടത്.
മേഘയുടെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് ശമ്പളമെല്ലാം സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയുന്നത്. അൻപതിനായിരം രൂപയോളം ശമ്പളമുണ്ടായിരുന്ന മേഘയുടെ അക്കൗണ്ടിൽ ഇപ്പോൾ ബാലൻസുള്ളത് 861 രൂപ മാത്രം.
യുപിഐ അക്കൗണ്ട് വഴി മൂന്നരലക്ഷത്തോളം രൂപയാണ് സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടത്. ഇതിൽ ഹോസ്റ്റൽഫീസിനും മറ്റ് ചെലവുകൾക്കുമായി ഒന്നരലക്ഷത്തോളം രൂപ മേഘയുടെ അക്കൗണ്ടിലേക്ക് സുകാന്ത് തിരിച്ചിട്ടതായും ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമായിട്ടുണ്ട്. സ്റ്റേറ്റ്മെൻറിന്റെ പകർപ്പ് ഐബിക്ക് നൽകിയിട്ടുണ്ട്.
മേഘയ്ക്കൊപ്പം രാജസ്ഥാനിൽ ജോധ്പൂരിൽ ഐബിയുടെ ട്രെയിനിങ്ങിനായി ഒപ്പമുണ്ടായിരുന്ന ആളാണ് സുകാന്ത് സുരേഷ്. സുകാന്ത് ഐബിയിൽ എറണാകുളത്താണ് ജോലിചെയ്യുന്നതെന്നും മേഘയുടെ അച്ഛൻ മധുസൂദനൻ പറഞ്ഞു.
