ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് ജില്ലാ കളക്ടര്‍മാരെ മാറ്റി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും മാറ്റം

തിരുവനന്തപുരം: ഐഎഎസില്‍ വ്യാപകമാറ്റങ്ങള്‍ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി.ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.
എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ.
ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.
കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോണ്‍ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ പുതിയ കളക്ടർ.
തൊഴില്‍വകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴില്‍ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറായി നിയമിച്ചു.
തദ്ദേശ ഭരണവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായും മാറ്റി.
തൊഴിലുറപ്പ് പ്ദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ.നിസാമുദ്ദീനെ കിലയുടെ ഡയറക്ടറായും രജിസ്ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായും മാറ്റി നിയമിച്ചു.
സിവില്‍ സപ്ലൈസ് കോർപ്പറേഷൻ എംഡി ആയിരുന്ന ഡോ.അശ്വതി ശ്രീനിവാസിനെ ന്യൂഡല്‍ഹിയിലെ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ ഡയറക്ടറായ ഡോ.ജെ.ഒ.അർജുനെ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്‌ട് സിഇഒ ആയി നിയമിച്ചു.
ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീരയെ സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് ഡയറക്ടറായും ഒറ്റപ്പാലം സബ്കളക്ടർ ഡോ.മിഥുൻ പ്രേമരാജിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മാനന്തവാടി സബ്കളക്ടർ മിസാല്‍ സാഗർ ഭരതിനെ പിന്നാക്ക സമുദായ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കളക്ടർ ഹരീഷ് ആർ.മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറാക്കി.
ദേവികുളം സബ്കളക്ടറായിരുന്ന വി.എം. ജയകൃഷ്ണനായിരിക്കും സിവില്‍ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എംഡി. കോട്ടയം സബ്കളക്ടർ ഡി.രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായും പെരിന്തല്‍മണ്ണ സബ്കളക്ടറായിരുന്ന അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സിഇഒയായും നിയമിക്കും. ഷീബാ ജോർജിനെ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി.
മസൂറിയില്‍ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയെത്തുന്ന മുറയ്ക്ക് അൻജീത് കുമാറിനെ ഒറ്റപ്പാലത്തും അതുല്‍ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം.ആര്യയെ ദേവികുളത്തും എസ്.ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തല്‍മണ്ണയിലും സബ്കളക്ടർമാരായി നിയമിക്കും.
