എ.ഐ. മതപ്രഭാഷകൻ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു…!
പലവിധ വേഷങ്ങളില്‍ നമുക്ക് മുന്നിലെത്തുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ജര്‍മനിയില്‍ ഫുവെര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് പള്ളിയിലെ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് മതപ്രഭാഷണം നടത്തുന്നതില്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിന്റെ കഴിവ് തെളിയിച്ചിരിക്കുകയാണിപ്പോള്‍. ചാറ്റ് ജിപിടി ചാറ്റ്‌ബോട്ട് വിവിധ അവതാറുകളായാണ് പള്ളിയിലെ അല്‍ത്താരയില്‍ ക്രമീകരിച്ച വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.’ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ’ എന്ന് ഈ എ.ഐ. മതപ്രഭാഷകന്‍ പള്ളിയിലെത്തിയ വിശ്വാസികളോടായി പറഞ്ഞു. ജര്‍മനിയിലെ ഈ വര്‍ഷത്തെ പ്രൊട്ടസ്റ്റന്റ് സഭാ കണ്‍വെന്‍ഷനില്‍ മതപ്രഭാഷണം നടത്തുന്ന ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആവാന്‍ സാധിച്ചതിലും ഇവിടെ നില്‍ക്കാന്‍ സാധിച്ചതിലും ഏറെ അഭിമാനമുണ്ടെന്ന് അവതാര്‍ പറഞ്ഞു. കാര്യമായ ഭാവങ്ങളൊന്നുമില്ലാതെ യാന്ത്രികമായിട്ടായിരുന്നു പ്രഭാഷണം.40 മിനിറ്റ് നീണ്ടുനിന്ന പരിപാടിയില്‍ മതപ്രഭാഷണം, പ്രാര്‍ത്ഥന, സംഗീതം എന്നിവ ഉള്‍പ്പെട്ടിരുന്നു. വിയന്ന സര്‍വകലാശാലയിലെ തത്വശാസ്ത്രജ്ഞനും ദൈവശാസ്ത്രപണ്ഡിതനുമായ ജോനാസ് സിമ്മെര്‍ലിനും ചാറ്റ് ജിപിടിയും ചേര്‍ന്നാണ് ഈ എ.ഐ. മതപ്രഭാഷകനെ സൃഷ്ടിച്ചത്. ബവേറിയന്‍ നഗരങ്ങളായ ന്യൂറംബര്‍ഗ്, ഫുവെര്‍ത്ത് എന്നിവിടങ്ങളിലായി നടക്കുന്ന പ്രൊട്ടസ്റ്റന്റ് കണ്‍വെന്‍ഷനിലെ നൂറ് കണക്കിന് പരിപാടികളിലൊന്നായിരുന്നു ഈ ‘എ.ഐ. ചര്‍ച്ച് സര്‍വീസ്’. ആളുകള്‍ വലിയ താല്‍പര്യത്തോടെയാണ് ഈ പരിപാടിക്കെത്തിയത്. പള്ളിക്ക് പുറത്ത് നീണ്ട വരി തന്നെയുണ്ടായിരുന്നു.ഞങ്ങള്‍ ഒരു പള്ളി ചടങ്ങിലാണ്. നിങ്ങള്‍ ഒരു മതപ്രഭാഷകനാണ്. എന്ത് സേവനമാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുക? എന്ന ചോദ്യമാണ് സിമ്മര്‍ലിന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നല്‍കിയത്. സ്‌തോത്രങ്ങളും പ്രാര്‍ത്ഥനകളും അതില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം എ.ഐയോട് ആവശ്യപ്പെട്ടു. വിശ്വാസികളെല്ലാം ശ്രദ്ധയോടെയാണ് പ്രഭാഷണം കേട്ടത്. ഭൂതകാലത്തെ വിട്ട് വര്‍ത്തമാനകാലത്തെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ, മരണഭയത്തെ മറികടക്കൂ, ക്രിസ്തുവിലുള്ള വിശ്വാസം കൈവെടിയാതിരിക്കൂ എന്നെല്ലാമുള്ള നിര്‍ദേശങ്ങളും എ.ഐ. അവര്‍ക്ക് നല്‍കി. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഈ സേവനം വലിയ വിജയമായിരുന്നുവെന്നാണ് വിലയിരുത്തല്‍.