എൽ ഡി എഫ് തുടരും; തവനൂരിൽ തിളക്കമുള്ള വിജയം നേടും : ഡോ കെ ടി ജലീൽ
വളാഞ്ചേരി : സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ എൽ ഡി എഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും തവനൂരിൽ ഏറ്റവും ചുരുങ്ങിയത് പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷത്തോടെ തിളക്കമുളള വിജയം നേടുമെന്നും തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ.
കോട്ടക്കൽ മണ്ഡലത്തിലെ വളാഞ്ചേരി ജി എം എൽ പി സ്കൂളിലെ 164
നമ്പർ ബൂത്തിൽ ഭാര്യ ഫാത്തിമകുട്ടി ടീച്ചറോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമ കരുതൽ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും എൽ ഡി എഫ് സർക്കാരിന്റെ തുടർഭരണമെന്നും ജനങ്ങളുമായുള്ള ആത്മബന്ധമാണ് തവനൂരിലെ തന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിൽ മുമ്പെങ്ങുമില്ലാത്ത വിധം എൽ ഡി എഫിന് മുന്നേറ്റമുണ്ടാകുമെന്നും ഡോ കെ ടി ജലീൽ പറഞ്ഞു. ജില്ലയിൽ 8 മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തവനൂർ മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സ്ഥാനാർഥി സന്ദർശിച്ചു. തവനൂർ മണ്ഡലത്തിൽ എൽ ഡി എഫിന് അനുകൂലമായ വലിയ തരംഗമാണ് കാണുന്നതെന്ന് ഡോ കെ ടി ജലീൽ പറഞ്ഞു.