എഴുത്തുകാരി വിമല മേനോന് അന്തരിച്ചു
![](https://edappalnews.com/wp-content/uploads/2022/06/IMG-20220612-WA0006.jpg)
തിരുവനന്തപുരം: സാമൂഹിക പ്രവർത്തകയും സാഹിത്യകാരിയുമായ വിമലാ മേനോൻ (76) അന്തരിച്ചു. 1990- ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയ വിമലാ മേനോൻ കുട്ടികൾക്കായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ജവഹർ ബാലഭവനിൽ സുഗതകുമാരിയോടൊപ്പം ഭാഷാ അധ്യാപികയായും, പിന്നീട് പ്രിൻസിപ്പലായും പ്രവർത്തിച്ചു. ഭിന്നശേഷി കുട്ടികൾക്കായി വെങ്ങാനൂരിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്പെഷ്യൽ സ്കൂളിന്റെയും പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. ഇരുപത്തിയൊന്ന് വർഷത്തോളം ചെഷയർ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയായിരുന്നു.
1945 ആഗസ്ത് 23ന് വടക്കൻ പറവൂരിലാണ് ജനിച്ചത്. പറവൂർ ഗവ. ഹെെസ്കൂൾ, തൃശൂർ സെന്റ്മേരീസ് കോളേജ്, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ്, തൃശൂർ വിമല കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ദീർഘകാലമായി തിരുവനന്തപുരം മുളവന ജങ്ഷൻ കോസലത്തിലാണ് താമസം. ശാസ്ത്ര സാഹിത്യകാരൻ ഡോ. ആർ വി ജി മേനോന്റെ സഹോദരിയാണ്.
പഞ്ചതന്ത്രം, പിറന്നാൾ സമ്മാനം, മണ്ണാങ്കട്ടയും കരീലയും, ഒളിച്ചോട്ടം, സൂര്യനെ വലംവച്ച പെൺകുട്ടി, ഡിസ്നി കഥകൾ, പാർവതി പിന്നെ ചിരിച്ചിട്ടില്ല, ലോകോത്തര നാടോടിക്കഥകൾ, അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം, ഗോലികളിക്കാൻ പഠിച്ച രാജാവ്, മന്ദാകിനി പറയുന്നത്, ശ്യാമദേവൻ, നമ്മളെ നമ്മൾക്കായി എന്നിവയാണ് പ്രധാന കൃതികൾ. ശനി വെെകിട്ട് ആറോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഞായർ രാവിലെ 9.45 മുതൽ 10.15വരെ തിരുവനന്തപുരം ചെഷയർ ഹോമിലും, 10.30 മുതൽ പകൽ രണ്ടുവരെ മുളവനയിലെ വീട്ടിലും പൊതുദർശനത്തിനുശേഷം പകൽ മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
ഭർത്താവ്: പരേതനായ യു ജി മേനോൻ. മക്കൾ: ശ്യാം ജി മേനോൻ (ഫ്രീലാൻസ് ജേണലിസ്റ്റ്, മുംബൈ), യമുന മേനോൻ (ചെന്നൈ).
![](http://edappalnews.com/wp-content/uploads/2025/01/logo.png)