ഹണിട്രാപ്പ്; യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസി യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
മലപ്പുറം : ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം എടക്കര പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഡൽഹിയില്‍ ബിസിനസുകാരനായ രതീഷ് ജൂൺ 11 നാണ് പള്ളിക്കുത്തിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.
2024 നവംബറിലാണ് ഇവർ രതീഷിനെ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. വീട്ടിൽ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേർന്ന് നഗ്നനാക്കി. വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം യുവതി കൂടെനിന്ന് ഫോട്ടോ എടുത്തു. ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം പണം ആവശ്യപ്പെട്ടു. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയച്ചുനൽകി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകൻ ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ ആരോപിച്ചിരുന്നു.
രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. എടക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. പ്രതികൾ കടം വാങ്ങിയ പണം രതീഷ് തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് രതീഷിന്റെ വീട്ടുകാർ ആരോപിക്കുന്നു. പണം തിരിച്ചു കൊടുക്കാതിരിക്കാനും രതീഷിൽനിന്നും കൂടുതൽ പണം തട്ടിയെടുക്കാനും വേണ്ടി സിന്ധുവും ഭർത്താവ് ശ്രീരാജും ചേർന്ന് ഹണി ട്രാപ്പിൽ കുടുക്കിയതാണന്നും സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടിയെന്നും വീട്ടുകാര്‍ പറയുന്നു.