EDAPPAL


എട്ടുവർഷമായി പമ്പിങ് സബ്‌സിഡിയില്ല: പ്രതിഷേധത്തിനൊരുങ്ങുന്നു

എടപ്പാൾ : കഷ്ടപ്പെട്ട് ചെയ്യുന്ന പുഞ്ചകൃഷിക്ക് സർക്കാർ നൽകുന്ന അർഹതപ്പെട്ട പമ്പിങ് സബ്‌സിഡി എട്ടുവർഷമായി ലഭിക്കാതെ അറുന്നൂറോളം കർഷകർ പ്രതിഷേധത്തിനൊരുങ്ങുന്നു. ആലങ്കോട്, നന്നംമുക്ക്, എടപ്പാൾ പഞ്ചായത്തുപരിധികളിലെ കോലത്തുപാടം കോൾകൃഷി കമ്മിറ്റിക്കു കീഴിലുള്ള കർഷകരാണ് തങ്ങളുടേതല്ലാത്ത കുറ്റത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ കിട്ടാതെയലയുന്നത്. ഏക്കറിന് 1800 രൂപ വെച്ചാണ് പമ്പിങ് സബ്‌സിഡി സർക്കാർ നൽകുന്നത്. ഈ കോൾപടവിൽ 675 ഏക്കറിലാണ് കൃഷി നടക്കുന്നത്. ഒരു വർഷം തന്നെ 12 ലക്ഷത്തിൽപ്പരം രൂപയാണ് ഈയിനത്തിൽ കർഷകർക്ക് ലഭിക്കേണ്ടത്. എട്ടു വർഷത്തേക്കായി ഒരു കോടിയോളം രൂപയാണ് കുടിശ്ശിക.

അടിസ്ഥാന രേഖകളും എ, ബി.ഫോമുകളും സമർപ്പിക്കാത്തതാണ് കാരണമെന്നാണ് തൃശ്ശൂർ പുഞ്ച സ്പെഷ്യൽ ഓഫീസിൽനിന്ന് കർഷകർക്ക് ലഭിച്ച മറുപടി. ഇക്കാര്യം ചർച്ച ചെയ്യാൻ അടിയന്തരമായി കർഷകരുടെ യോഗം വിളിച്ചു ചേർക്കണമെന്നാണ് കോൾപ്പടവ് കമ്മിറ്റിയുടെ ആവശ്യം. അടുത്ത വർഷത്തെ കൃഷിയിറക്കുന്നതിനു മുൻപ് വാർഷിക പൊതുയോഗം ചേരേണ്ടതുണ്ട്. അതിൽ തൃശ്ശൂർ പുഞ്ച സ്പെഷൽ ഓഫീസറും എ.ഡി.എ.മാരുമെല്ലാം പങ്കെടുക്കണമെന്നും മുൻ വർഷങ്ങളിലേതുപോലെ ഇവർ വിട്ടുനിന്നാൽ പ്രതിഷേധ പരിപാടികളാരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് കൃഷിമന്ത്രിയടക്കം പരിധിയിലെ കൃഷി ഓഫീസർമാർ വരെയുള്ളവർക്കെല്ലാം ഇവർ നിവേദനവും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button