എടപ്പാൾ മേൽപ്പാലം രണ്ടുമാസത്തിനകം പണിതീരും

എടപ്പാൾ: രണ്ടു വർഷത്തിലധികമായി പണിതീരാതെ കിടക്കുന്ന മേൽപ്പാലം പണി ഓഗസ്റ്റവസാനത്തോടെ തീർക്കാമെന്ന് വിലയിരുത്തൽ. ഇതിന്റെ സാധ്യത പരിശോധിക്കാനായി കിഫ്ബി പ്രതിനിധികൾ പാലം സന്ദർശിച്ചു.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ സന്ദർശനത്തിന്റെ തുടർച്ചയായാണിത്. മഴ കനക്കുകയാണെങ്കിൽ ടാറിങ് നടത്താൻ പ്രയാസമുണ്ടാകുമെന്ന് നിർമാണക്കമ്പനിയായ ഏറനാട് എൻജിനീയറിങ് പ്രതിനിധികൾ ഇവരെ അറിയിച്ചു.
പാലം തുറന്നുനൽകിയശേഷം വൈദ്യുതിക്കാലുകൾ മാറ്റി ടൗണിലെ റോഡുകൾ ടൈൽപതിക്കലും ശുചിമുറി നിർമിക്കലുമടക്കമുള്ള പണികളാരംഭിക്കാമെന്ന തീരുമാനത്തിലാണ് കമ്പനി.
പാലം പണിതതോടെ കുറ്റിപ്പുറം റോഡിൽനിന്ന് വലിയ വാഹനങ്ങൾ ടൗണിലെത്താനാവാതെ കുടുങ്ങുന്ന സ്ഥിതിയുണ്ട്. ഇത് പരിഹരിക്കുന്നതിനായി റവന്യൂ അധികൃതർ സർവേ നടത്തി.
ഇവിടെയുള്ള കെട്ടിടത്തിന്റെ സൺഷേഡ് റോഡിലേക്കിറങ്ങി നിൽക്കുന്നുണ്ടെന്ന സൂചനയെത്തുടർന്നായിരുന്നു ഇത്. 80 മീറ്റർ നീളത്തിൽ റോഡിലുെടനീളമായി 2.25 സെന്റു തിരിച്ചുപിടിക്കാനുള്ളതായി കണ്ടെത്തി. ഇത് പൊളിച്ചൊഴിവാക്കിയാൽ ഈ റോഡിൽ ആവശ്യത്തിന് വീതി ലഭിക്കും. സർവേ റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും. ഉടമയ്ക്ക് നോട്ടീസ് നൽകി ഈ സ്ഥലം തിരിച്ചുപിടിക്കാനുള്ള നടപടിയെടുക്കുമെന്നും തഹസിൽദാർ ടി.എൻ. വിജയൻ, പി.കെ. സുരേഷ് എന്നിവർ അറിയിച്ചു.
മേൽപ്പാലം കോൺക്രീറ്റ് നടത്താനായി സ്ഥാപിച്ച ഇരുമ്പുകൂടുകൾ പൊളിച്ചുമാറ്റാൻ ഓക്സിജൻ ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് കോഴിക്കോടുള്ള മറ്റൊരു കമ്പനിക്ക് ചുമതലനൽകി.
