എടപ്പാൾ മേൽപ്പാലം ഈ മാസം തുറക്കുമോയെന്ന ആകാംക്ഷയിൽ വ്യാപാരികളും നാട്ടുകാരും യാത്രക്കാരും

എടപ്പാൾ: എടപ്പാൾ മേൽപ്പാലം ഈ മാസം തുറക്കുമോയെന്ന ആകാംക്ഷയിലാണ് വ്യാപാരികളും നാട്ടുകാരും യാത്രക്കാരും. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കുമെന്നു പറഞ്ഞ മേൽപ്പാലം ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിട്ടും പൂർത്തിയാകാതെ കിടക്കുകയാണ്. റോഡുകൾ പൂർണമായി അടച്ചും ഭാഗികമായി ഗതാഗതം തിരിച്ചുവിട്ടുമെല്ലാം നടക്കുന്ന പണികൾമൂലം എടപ്പാൾ വീർപ്പുമുട്ടുകയാണ്. ലക്ഷങ്ങൾ അഡ്വാൻസും വാടകയും നൽകി തുറന്നിരിക്കുന്ന കച്ചവടക്കാരെല്ലാം കടക്കെണിയിലും.
എടപ്പാളിൽ സ്വകാര്യ ബസുകളും ചെറുവാഹനങ്ങളുമനുഭവിക്കുന്ന പ്രയാസം വേറെയും. ഇതെല്ലാം സഹിച്ചെങ്കിലും ഈ മാസത്തോടെ എല്ലാം അവസാനിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് പുതിയ പ്രതിസന്ധികൾ പാലത്തിന് ശനിദശയായി വന്നിട്ടുള്ളത്. കോവിഡ് രൂക്ഷമായതോടെ നാട്ടിലുടലെടുത്ത ഓക്‌സിജൻ ക്ഷാമമാണ് ഒടുവിൽ മേൽപ്പാലം പണിയുടെയും വില്ലനായി എത്തിയിട്ടുള്ളത്. ഓക്‌സിജൻ കിട്ടാനില്ലാത്തതിനാൽ പണിതീർന്ന ഭാഗത്തുള്ള താങ്ങുകൾ മുറിച്ചുമാറ്റാനാവാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
