എടപ്പാൾ മേൽപാലത്തിൽ വീണ്ടും ‘പുതിയ പരിഷ്കാരങ്ങൾ’; പുതിയ തീരുമാനങ്ങൾ ഇവ.
എടപ്പാൾ: മേൽപാലം തുറന്ന ശേഷം നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ അവലോകനം ചെയ്യാനും പുതിയവയെക്കുറിച്ച് ആലോചിക്കാനുമായി ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേർന്നു. വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യോഗം. പാലത്തിനു താഴെ നിർത്തേണ്ട വാഹനങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.
ഇതേത്തുടർന്നാണ് ചങ്ങരംകുളം പൊലീസിന്റെയും തദ്ദേശ സ്ഥാപന ഭാരവാഹികളുടെയും നേതൃത്വത്തിൽ ബ്ലോക്ക് ഓഫിസിൽ അടിയന്തര യോഗം ചേർന്നത്. നിലവിലെ തീരുമാനങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തും. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കഴുങ്കിൽ മജീദ്, സി.വി.സുബൈദ, സിഐ ബഷീർ ചിറക്കൽ തുടങ്ങിയവർ തുടർന്ന് സംഘം എടപ്പാൾ മേൽപാലത്തിന് സമീപത്തെ ഗതാഗത നിയന്ത്രണങ്ങൾ നേരിട്ട് പരിശോധിച്ചു.
പുതിയ തീരുമാനങ്ങൾ
∙ കോഴിക്കോട് – തൃശൂർ റോഡുകളിൽ ലോക്കൽ ബസുകൾ ആദ്യവും തുടർന്ന് ലിമിറ്റഡ് സ്റ്റോപ്, കെഎസ്ആർടിസി എന്ന ക്രമത്തിലുമാണ് നിർത്തേണ്ടത്.
∙ പട്ടാമ്പി റോഡിൽ നിലവിലെ രീതി തുടരും
∙ പൊന്നാനി റോഡിൽ ബസുകൾ കുറച്ച് കൂടി പിറകോട്ടു നിർത്തണം.
∙ ലോക്കൽ ബസുകൾ യാത്രക്കാരെ കയറ്റിയ ശേഷം ഉടൻ പുറപ്പെടണം.
∙ ഹൈക്കോടതി വിധി പ്രകാരം എടപ്പാൾ ടൗണിലെ എല്ലാ അനധികൃത ബോർഡുകളും നീക്കം ചെയ്യണം.
∙ പാലത്തിന്റെ 100 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ അനധികൃത പാർക്കിങ് പാടില്ല.
∙ പാലത്തിനു മുകളിൽ കാൽനട യാത്ര അനുവദിക്കില്ല.
∙ പട്ടാമ്പി റോഡിലെ രാത്രികാല മത്സ്യ വിൽപന നിരോധിക്കും.