എടപ്പാൾ മേൽപാലം തുറക്കുംമുൻപേ വഴിവിളക്കുകൾ ഒരുങ്ങും
എടപ്പാൾ: മേൽപാലം ഉദ്ഘാടനം ചെയ്യുന്നതോടെ ടൗണിൽ എടപ്പാൾ പഞ്ചായത്ത് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ അധികൃതർ നടപടി തുടങ്ങി. വട്ടംകുളം പഞ്ചായത്ത് പരിധിയിൽ വഴിവിളക്കുകൾ സ്ഥാപിക്കുമെന്ന് വട്ടംകുളം പഞ്ചായത്ത് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാലത്തിന് മുകളിൽ എൽഇഡി ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്. പാലം തുടങ്ങുന്ന ഭാഗത്തും അവസാനിക്കുന്നിടത്തും ഉൾപ്പെടെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിളക്കുകൾ സ്ഥാപിക്കുന്നതോടെ എടപ്പാൾ ടൗണിലെ വെളിച്ചക്കുറവിന് പരിഹാരമാകും.
അംശക്കച്ചേരിയിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ ഇക്കാര്യം എംഎൽഎ ഉൾപ്പെടെയുള്ളവരെ ധരിപ്പിച്ചിരുന്നു. പാലത്തിലെ വിളക്കുകൾ പ്രകാശിക്കുന്നതോടെ ടൗണിൽ ഹൈമാസ്റ്റ് വിളക്കിന്റെ ആവശ്യം വരുന്നില്ല. ശേഷിക്കുന്ന ഭാഗങ്ങളിൽ പഞ്ചായത്തുകൾ വിളക്കുകൾ സ്ഥാപിക്കുന്നതോടെ ടൗണിൽ ആവശ്യത്തിന് വെളിച്ചമാകും.