എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സി ബി ഐ സിയിൽപീഡിയാട്രിക്ക് ഓഡിയോളജി വിഭാഗം ആരംഭിച്ചു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സി ബി ഐ സിയിൽ പീഡിയാട്രിക്ക് ഓഡിയോളജി വിഭാഗം ആരംഭിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. എം എൽ എ ഡോ.കെ ടി ജലീൽ അധ്യക്ഷത വഹിച്ചു. നാട്ടിലെ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും സമൂഹത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിഭിന്നങ്ങളായ സേവനങ്ങൾ ലഭ്യമാക്കുന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കേരളത്തിന് തന്നെ മാതൃകയാണ് എന്നും അദ്ദേഹം പറഞ്ഞു. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൈക്കോളജി, സ്പീച്ച് തെറാപ്പി, ഒക്യൂപേഷണൽ തെറാപ്പി, സ്പെഷ്യൽ എജുക്കേഷൻ , ഫിസിയോ തെറാപ്പി എന്നീ മേഖലകളിൽ ആണ് CBIC യിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രധാനമായും സേവനങ്ങൾ ലഭ്യമാകുക. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരുപാട് കുടുംബങ്ങൾക്ക് കൈതാങ്ങാകുന്ന ഒരു പദ്ധതിയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ CBIC എന്ന് മന്ത്രി പറഞ്ഞു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ, കാലടി പഞ്ചായത്ത് പ്രസിഡൻറ് കെ ജി ബാബു , തവനൂർ പഞ്ചായത്ത് പ്രസിഡ്ൻ്റ് നസീറ സി പി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ദിലീഷ് ഇ കെ, അനീഷ് എൻ ആർ, പ്രേമലത എടപ്പാൾ പഞ്ചായത്ത് മെമ്പർ എം കെ എം ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധിക, ബ്ലോക്ക് സെക്രട്ടറി ലിജുമോൻ എസ് എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ വിജിത്ത് വിജയശങ്കർ നന്ദി പറഞ്ഞു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന 350 ലധികം കുട്ടികൾക്കാണ് ഈ സെൻറർ മുഖേന സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്. പീഡിയാട്രിക് ഓഡിയോളജിയുടെയും സിബിഐ സി യുടെയും മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രിയും എം എൽ എ യും ഉറപ്പ് നൽകി.
