എടപ്പാളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ സംഘർഷം; കാണികൾ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർത്തു
എടപ്പാൾ : എടപ്പാളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ സംഘർഷം. മത്സരത്തിനിടെ ടീം അരീക്കോട് നേടിയ ഗോൾ റഫറി ഓഫ് സൈഡ് വിളിച്ചതാണ് സംഘർഷത്തിന് കാരണം. തുടർന്ന് താത്ക്കാലിക സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടർ ഒരു വിഭാഗം കാണികൾ തല്ലി തകർത്തു. എടപ്പാൾ പൂക്കരത്തറ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ടൂർണമെന്‍റിന്‍റെ രണ്ടാം സെമി ഫൈനൽ മത്സരത്തിനിടെയാണ് സംഭവം. പൊലീസ് എത്തി സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കി.
സൂപ്പർ സ്റ്റുഡിയോ മലപ്പുറവും അരീക്കോട് ടൗൺ ടീമും തമ്മിലായിരുന്നു മത്സരം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അരീക്കോട് ടീം നേടിയ ഗോൾ റഫറി ഓഫ് സൈഡ് വിളിച്ചത്. കാണികളിൽ ഒരാൾ പകർത്തിയ ഗോൾ വീഡിയോ സഹിതം കാണികളിൽ ചിലർ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തു. പിന്നീട് മത്സരം തുടരുകയും സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിക്കുകയും ചെയ്തതോടെയാണ് സംഘർഷമുണ്ടായത്.
അരീക്കോട് ടീം ആരാധകർ ഗ്രൗണ്ടിലിറങ്ങി ബഹളം വെക്കുകയും ഒരു കൂട്ടം കാണികൾ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർക്കുകയുമായിരുന്നു. മത്സരം നിയന്ത്രിച്ച റഫറിമാരെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തി ലാത്തി വീശിയാണ് ടീം അംഗങ്ങളേയും റഫറിമാരേയും സുരക്ഷിതരായി പുറത്തെത്തിച്ചത്.