Local newsMALAPPURAM

മരണത്തിന്റെ ആഴം, 6 മാസത്തിനിടെ മലപ്പുറം ജില്ലയിൽ മുങ്ങിമരണം 18

മലപ്പുറം: ജില്ലയിൽ വെള്ളക്കെട്ടുകളും പുഴകളും മരണക്കയങ്ങളാകുന്ന ദുരന്തം തുടരുന്നു. ഇന്നലെ വള്ളുവമ്പ്രത്ത് 2 കുട്ടികൾ മുങ്ങിമരിച്ചതോടെ, 6 മാസത്തിനിടെ ജില്ലയിൽ മുങ്ങിമരണം 18 ആയി. നീന്തൽ അറിയാത്തതാണു മുങ്ങിമരണങ്ങളിലെ പ്രധാന വില്ലൻ. ചിലപ്പോൾ അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ ഇറങ്ങുന്നതും കാരണമാകാറുണ്ട്. കടലുണ്ടിപ്പുഴയിൽ മാത്രം 6 മാസത്തിനിടെ 6 പേർ മുങ്ങി മരിച്ചു.

വള്ളുവമ്പ്രം മാണിപ്പറമ്പിൽ വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകിയ ചെങ്കൽ ക്വാറി.
ചെറിയ ശ്രദ്ധക്കുറവാണ് പലപ്പോഴും അപകടത്തിലേക്കു നയിക്കുന്നത്. നീന്തൽ അറിയാത്ത കുട്ടികളെ വെള്ളക്കെട്ടിനടുത്തേക്ക് ഒറ്റയ്ക്കു പറഞ്ഞുവിടരുതെന്ന അടിസ്ഥാനപാഠം മറക്കുന്നതാണു പല അപകടങ്ങൾക്കും കാരണം. വെള്ളം കെട്ടിനിൽക്കുന്ന ക്വാറികൾക്കു ചുറ്റും സുരക്ഷാവേലി സ്ഥാപിക്കാത്തതും അപകടങ്ങൾക്കു കാരണമാണ്. ഇന്നലെ അപകടം നടന്ന മഞ്ചേരി വള്ളുവമ്പ്രം മേഖലയിൽ ഒട്ടേറെ ക്വാറികളുണ്ട്.

ജില്ലയിലെ പല ക്വാറികളും മഴക്കാലത്ത് മരണം പതിയിരിക്കുന്ന കേന്ദ്രങ്ങാണ്. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ പൊതുവായ നിയമങ്ങൾ വേണമെന്ന ആവശ്യമുയർന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കുട്ടികളാണ് ഏറെയും ഇരയാകുന്നതെങ്കിലും യുവാക്കളുൾപ്പെടെ എല്ലാ പ്രായക്കാരും ദുരന്തത്തിൽപെടാറുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

∙കുട്ടികളെ നിർബന്ധമായി നീന്തൽ പഠിപ്പിക്കണം.
∙ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം. വീടിനടുത്ത് ജല സ്രോതസ്സുകളുള്ളവർ പ്രത്യേകിച്ചും.

∙പരിചിതമോ, അപരിചിതമോ ആയ വെള്ളക്കെട്ടുകളിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ഇറങ്ങരുതെന്നു കുട്ടികളെ പഠിപ്പിക്കണം

∙വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാനുള്ള ലളിതമായ സുരക്ഷാ മാർഗനിർദേശങ്ങൾ കുട്ടികൾക്കു നൽകണം. വെള്ളത്തിൽ വീണവരെ രക്ഷിക്കാനായി ഇറങ്ങുന്നവരും അപകടത്തിൽപെടുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാം.

∙സമൂഹ മാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്യാനായി വെള്ളക്കെട്ടുകൾക്കരികിൽ അപകടകരമായി പോസ് ചെയ്യുന്നത് ഒഴിവാക്കണം.

∙പൊലീസോ മറ്റു ഏജൻസികളോ സ്ഥാപിക്കുന്ന സുരക്ഷാ ബോർഡുകളിലെ നിർദേശങ്ങൾ പൂർണമായി പാലിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button