എടപ്പാളിലെ മൊബൈല്‍ ഫോണ്‍ തട്ടിപ്പ്;രണ്ടുവര്‍ഷം കഴിയുമ്പോഴും ഇരകള്‍ക്ക് നീതിയായില്ല

എടപ്പാൾ: പുതിയ മൊബൈല്‍ ഫോണ്‍ ഓഫര്‍ നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നീതിഅകലെ. രണ്ടുവര്‍ഷം തികയാറായിട്ടും നഷ്ടപെട്ട പണം തിരിച്ചുലഭിച്ചില്ലന്നതാണ് ഇരകളുടെ പരാതി. എടപ്പാള്‍ കേന്ദ്രീകരിച്ച് പുതുതായി ആരംഭിച്ച ചെന്നൈ മൊബൈല്‍ സ്ഥാപനം വഴിയാണ് 36പേരില്‍ നിന്നും ജീവനക്കാരനായ പാലക്കാട് കപ്പൂര്‍ കഴുങ്കില്‍ ഫയാസ് എന്ന യുവാവ് കോടികള്‍ തട്ടിയത്. പരിജയക്കാരെയും മൊബൈല്‍ഫോണ്‍ വാങ്ങാനെത്തിയവരെയും സമീപിച്ച് ബജാജ് കമ്പനിയില്‍ നിന്നും ആളുകളുടെ രേഖകള്‍ ഉപയോഗിച്ച്
ഇ.എം.ഐ വായ്പശരിയാക്കി. ലക്ഷങ്ങള്‍വിലയുള്ള പുതിയമൊബൈല്‍ ആളുകള്‍ക്ക് നല്‍കിയതായി ഫോട്ടോയും വീഡിയോയും എടുത്ത് കമ്പനിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇടപാടുകാരോട് വാങ്ങിയഫോണ്‍ തിരിച്ചുനല്‍കിയാല്‍ റൊക്കം പണം നല്‍കാമെന്നും മൊബൈലിന്‍റെ വില വായ്പയായി തന്നെ അടച്ചാല്‍ മതിയെന്നും വിശ്വസിപ്പിച്ചുമാണ് ഇടപാടുകാരില്‍ നിന്നും മൊബൈല്‍ തിരിച്ചു വാങ്ങിയത്. ഇവയെല്ലാം യഥാര്‍ത്ഥ വിലക്ക് മറിച്ച് വില്പന നടത്തിയും വാങ്ങാത്തവരുടെ ഫണ്ട് സ്വന്തം കൈയിലാക്കിയും
പണവുമായി ഇയാള്‍ മുങ്ങുകയായിരുന്നു. വായ്പരേഖകള്‍ പ്രകാരം എല്ലാവരും 5600രൂപ തവണവ്യവസ്ഥയിലുള്ള തുക അടച്ചുവരികയാണ്. ഇതുമായി ബന്ധപെട്ട് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പടെ പരാതികൊടുത്തുവെങ്കിലും പരിഹാരമായില്ല. നേരത്തെ തൃശ്ശൂരിലെ ഒരു മൊബൈല്‍ കടയിലും യുവാവ് സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതി പ്രവാഹമായതോടെ യുവാവിന്‍റെ വീട്ടുകാര്‍ ഇടപെട്ട് പരിഹാരനിര്‍ദ്ദേശം ഉണ്ടാക്കിയെങ്കിലും അതും ഫലപ്രാപ്തിയിലെത്തിയില്ല.ഇടപാടുകാരില്‍ ഒരാള്‍ക്ക് ചെക്ക് കൈമാറിയതില്‍ പണമില്ലാതെ വന്നതോടെ ഫയാസിനെതിരെ കോടതിയില്‍ കേസുണ്ട്.













