എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എടപ്പാൾ: എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ വികസന മുന്നേറ്റ ജാഥയുടെ മലപ്പുറം ജില്ലയിലെ സമാപന സ്വീകരണം 14ന് തവനൂര്‍ മണ്ഡലത്തിലെ എടപ്പാളില്‍ നടക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30ന് കുറ്റിപ്പുറം റോഡില്‍ ഗോവിന്ദ തിയേറ്ററിന് സമീപത്തുള്ള മൈതാനത്താണ് സ്വീകരണം. സ്വീകരണ പരിപാടി തുടങ്ങും മുമ്പേ എടപ്പാള്‍ വിശ്വനാഥന്‍ നയിക്കുന്ന ഗാനമേളയും സംസ്ഥാന സര്‍ക്കാരിന്റെ വികസന മുന്നേറ്റം പ്രതിപാദിക്കുന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും നടക്കും. രാവിലെ 9ന് തവനൂര്‍ മണ്ഡലത്തിന്റെ അതിര്‍ത്തിയായ തുയ്യം വലിയപാലത്തില്‍ നിന്ന് നൂറുകണക്കിന് മോട്ടോര്‍ ബൈക്കുകളുടെ അമ്പടിയോടെ ജാഥ നായകനെ ആനയിക്കും.ആലങ്കോട് സന്തോഷിന്റെ പഞ്ചവാദ്യത്തോടെ എടപ്പാളിലേക്ക് സ്വീകരിക്കും.സ്വീകരണത്തിനുശേഷം ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു, സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ്, സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയംഗം സി രാമകൃഷ്ണന്‍, സിപിഐ ജില്ലാ കമ്മിറ്റിയംഗം ഇ വി അനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.