പതിനാലുക്കാരന് പ്രകൃതി വിരുദ്ധ പീഢനം; മദ്രസ്സ അദ്ധ്യാപകനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു


ചാലിശ്ശേരി: പതിനാലുക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസ്സ അധ്യാപകനെ തമിഴ്‌നാട് നീലഗിരിയില്‍ നിന്നും ചാലിശ്ശേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി നാലകോട്ട സ്വദേശി ഇര്‍ഷാദ് അലി (29)യാണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി വി.സുരേഷിന്റെയും, ചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ കെ.ജെ പ്രവീണിന്റെയും നിർദ്ദേശാനുസരണം ഞായറാഴ്ച രാത്രി നീലഗിരിയിലേക്ക് യാത്ര തിരിച്ച പോലീസ് സംഘം സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും വീട്ടിലെത്തിയപ്പോൾ പ്രതി സ്ഥലത്തില്ല എന്ന് മനസ്സിലാക്കിയതോടെ പ്രതിയുടെ മറ്റൊരു മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ലക്ഷ്യമാക്കി നീങ്ങുകയും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും രാവിലെ അഞ്ചു മണിയോടു കൂടി ഇർഷാദ് അലിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഷൊർണൂർ ഡിവൈഎസ്പി സ്പെഷ്യൽ സ്ക്വാഡിലെ ജോളി സെബാസ്റ്റ്യൻ, പി.അബ്ദുൾ റഷീദ്, ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ശ്രീകുമാർ, പി.ആർ.രാജേഷ്, സി.പി.ഒ.വി.യു.പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. നീലഗിരിക്കുന്നുകളിലെ കൊടും വനാന്താരങ്ങളിലൂടെ യാത്ര ചെയ്ത്, അതിസാഹസികമായി പ്രതിയെ കണ്ടെത്തിയ പോലീസ് സംഘങ്ങളെ ഡി.വൈ.എസ്.പി വി.സുരേഷും, ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ പ്രവീണും പ്രത്യേകം അഭിനന്ദിച്ചു
തിരുമിറ്റക്കോട് പഞ്ചായത്തിലെ മത പഠനശാലയില്‍ പഠനത്തിനെത്തിയ പതിനാലുകാരനെ ഇയാള്‍ നിരവധി തവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിരുന്നു. പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ കുട്ടിയെ മനശാസ്ത്ര വിദഗ്ദന് മുന്‍പില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കുകയായിരുന്നു. ഇവിടെ നിന്നാണ് കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പങ്കുള്ളതായാണ് ലഭിക്കുന്ന സൂചനകള്‍. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
തിരുമിറ്റക്കോടുള്ള മതപഠന ശാലയില്‍ മറ്റ് ചില വിദ്യാർത്ഥികൾ കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന തരത്തില്‍ സ്ഥിതീകരിക്കാത്ത വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കൂടുതല്‍ കുട്ടികൾ ഇത്തരത്തിൽ പീഢനത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
