മലപ്പുറം: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മലപ്പുറത്ത് ചാലിയാറിന്റെ തീരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്ന് ആറ് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. രണ്ട് കൂറ്റൻ കല്ലുകൾക്കിടയിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ പൂക്കോട്ടുമണ്ണ കടവ്, കുട്ടംകുളം, നിലമ്പൂർ കളത്തിൻകടവ്, പോത്തുകല്ല്, കുമ്പളപ്പാറ തുടങ്ങി ചാലിയാറിന്റെ കടവുകളിൽനിന്നെല്ലാം വ്യാഴാഴ്ചയും കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചിരുന്നു. ചാലിയാറിന്റെ തീരങ്ങളിലുള്ള ഉൾവനത്തിൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് നോക്കാനുള്ള തിരച്ചിൽ വെള്ളിയാഴ്ചയും നടക്കും.
വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. എന്നാൽ, 189 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. 225 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ അറിയിച്ചു.