BUSINESS

ഉപയോക്താക്കൾക്ക് തിരിച്ചടി;മൊബൈൽ നിരക്കുകൾ കൂട്ടിയേക്കും

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. വോഡഫോൺ ഐഡിയക്ക് പിന്നാലെ എയർടെലും ഈ വർഷം തന്നെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് സൂചന നൽകി. കഴിഞ്ഞ വർഷം നവംബറിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയിരുന്നു. ടെലികോം കമ്പനികളെല്ലാം ഈ വർഷം തന്നെ 25 ശതമാനം വരെ താരിഫ് വർധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഈ വർഷവും വരിക്കാർക്ക് വൻ തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. ഈ വർഷം തന്നെ മറ്റൊരു നിരക്ക് വർധനവ് പ്രതീക്ഷിക്കാമെന്ന് ഭാരതി എയർടെല്ലിന്റെ മാനേജിങ് ഡയറക്ടർ ഗോപാൽ വിറ്റൽ ഉറപ്പിച്ചു പറഞ്ഞു. സമീപകാല താരിഫ് വർധനകളുടെ അനന്തരഫലങ്ങൾ പരിശോധിച്ച ശേഷമാകും പുതിയ നിരക്കുകൾ പ്രഖ്യാപിക്കുക. 2022-ൽ എപ്പോഴെങ്കിലും താരിഫ് വർധനവ് പ്രതീക്ഷിക്കാം. അടുത്ത 3-4 മാസത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല,കാരണം നിലവിലെ നിരക്ക് വർധനയിൽ സംഭവിച്ച പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. എങ്കിലും മറ്റൊരു താരിഫ് വർധനവ് തീർച്ചയായും പ്രതീക്ഷിക്കുന്നു. ഗോപാൽ വിറ്റൽ പറഞ്ഞു.

2021 നവംബറിലാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ 18 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചത്. വർഷവും താരിഫ് വർധിപ്പിക്കുന്ന കാര്യത്തിൽ റിലയൻസ് ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഈ വർഷവും മൊബൈൽ സേവന നിരക്കുകൾ ഉയർത്തിയേക്കുമെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, നവംബറിൽ കമ്പനി വരുത്തിയ താരിഫ് വർധനയോടുള്ള വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും പുതിയ നീക്കമെന്നും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. നവംബറിലെ വർധനയ്ക്ക് മുൻപ് അവസാനം നിരക്ക് കൂട്ടിയത് ഏകദേശം 2 വർഷം മുൻപായിരുന്നു. ഇനി അടുത്ത വർധനയ്ക്ക് രണ്ടു വർഷം കാത്തിരിക്കാനാവില്ലെന്നും താക്കർ പറഞ്ഞു. നിരക്ക് വർധിപ്പിച്ചതോടെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. വി വരിക്കാരുടെ എണ്ണം മുൻവർഷത്തെ 26.98 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button