KERALA
ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം, കെ ഫോൺ പദ്ധതിയിൽ സൗജന്യ ഇന്‍റര്‍നെറ്റ് 917 വീടുകളിൽ മാത്രം
![](https://edappalnews.com/wp-content/uploads/2023/05/images-4.jpg)
![](https://edappalnews.com/wp-content/uploads/2023/05/download-6-6.jpg)
തിരുവനന്തപുരം നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ പാണയം ഉപ്പനാച്ചാംകുഴിയിലാണ് ആനന്ദന്റെ വീട്. രണ്ട് മക്കൾക്ക് പഠിക്കാൻ തടസമില്ലാതെ ഇന്റര്‍നെറ്റ് കിട്ടുമെങ്കിൽ അത് വലിയ ആശ്വാസവും സന്തോഷവുമാണ് ഈ കുടുംബത്തിനുള്ളത്. ഇത് പോലെ 14000 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. 13155 പേരുടെ ലിസ്റ്റ് തദ്ദേശ ഭരണവകുപ്പ് കൈമാറുകയും ചെയ്തിരുന്നു. കേരളാ വിഷൻ വഴി കേബിളെത്തിച്ചത് 9500 ഓളം ഇടത്തായിരുന്നു.കെ ഫോണിന്റെ കണക്കിൽ ദിവസം 2 ജിബി സൗജന്യ ഡാറ്റ ഉപയോഗിക്കുന്നത് 917 കുടുംബങ്ങളാണ്. ബിഎസ്എൻഎല്ലിൽ നിന്ന് വാങ്ങിയ ബാന്‍ഡ് വിഡ്ത് ഉപയോഗിച്ചാണ് സൗജന്യ കണക്ഷനും സര്‍ക്കാര്‍ ഓഫീസുകളിലേക്കും എല്ലാം കെ ഫോൺ ഡാറ്റ എത്തിക്കുന്നത്. സ്കൂളുകളും ഓഫീസുകളും ആശുപത്രികളും അടക്കം 26542 സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലേക്ക് കേബിളെത്തിച്ചിട്ടുണ്ട്. ഇതിൽ തന്നെ കെ ഫോൺ നൽകുന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് 17249 സ്ഥാപനങ്ങളാണ്.
അഞ്ചാം തീയതി ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെ അധ്യയന വര്ഷത്തിന്റെ തുടക്കത്തിൽ എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് കണക്ഷൻ നൽകുന്നതിന് കെ ഫോണിന് നിലവിൽ പരിമിതിയുണ്ട്. 10392 സ്കൂളുകളിലേക്ക് കണക്ഷൻ നടപടികൾ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഡാറ്റ ഉപയോഗിക്കാൻ കഴിയുന്ന സ്കൂളുകളുടെ എണ്ണം 6591 മാത്രമാണ്. റോഡ് നവീകരണത്തിനും അറ്റകുറ്റപ്പണിക്കുമായി കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതു കാരണം ഒപ്റ്റിക്കൽ നെറ്റ് വര്‍ക്ക് ശൃംഖലയിൽ കിലോമീറ്ററുകളോളം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
എംഎസ്പിയായി ചുമതലയേറ്റ സ്വകാര്യ കമ്പനി എസ്ആര്‍ഐടിയുടെ നേതൃത്വത്തിൽ ആണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമെ ബാക്കി കണക്ഷൻ നടപടികളിലേക്ക് കടക്കാൻ കെ ഫോണിന് കഴിയുവെന്നാണ് ലഭ്യമാകുന്ന വിവരം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)