മാറഞ്ചേരി ‘ആരോഗ്യതീരം’ വയോജന സൗഹൃദ പാർക്കിലെ സുഹൃത്തുക്കൾ നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം ഉദ്യാനത്തിനു മുൻപിലെത്തിയപ്പോൾ. എരമംഗലം : പ്രായം തോറ്റുപോകുന്ന സൗഹൃദങ്ങൾ കൂട്ടിരിക്കുന്ന ഒരിടമുണ്ട് മാറഞ്ചേരിയിൽ. മൂക്കുപൊത്തി നടക്കുമായിരുന്ന ഒരുഭാഗം വൃത്തിയാക്കി പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നിർമിച്ച മാറഞ്ചേരി ‘ആരോഗ്യതീരം’ വയോജന സൗഹൃദ പാർക്കിലാണ് ഈ ‘സൗഹൃദവിശേഷം’ പടർന്നുപന്തലിക്കുന്നത്. ഇവിടെയൊരുക്കിയ ഓപ്പൺ ജിം ഉപയോഗിക്കാനാണ് മാറഞ്ചേരി സ്വദേശികളായ എൻ.കെ. ഇബ്രാഹിം, കമറുദ്ദീൻ, താഹിറ, സഫിയ തുടങ്ങിയവർ വയോജന പാർക്ക് ഉദ്‌ഘാടനംചെയ്‌ത ആദ്യഘട്ടത്തിൽ രാവിലെയും വൈകുന്നേരങ്ങളിലുമായി എത്തിത്തുടങ്ങിയത്. പിന്നീട് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം നജീബ്, റിട്ട. സബ് ഇൻസ്‌പെക്ടർ ടി. മുഹമ്മദ്ബഷീർ, ചെറുതും വലുതുമായ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മാറഞ്ചേരിയുടെ നടനായി ഉയർന്ന അബ്ദുറഹ്‌മാൻ പോക്കർ, പ്രവാസിയായ സി.ടി. സലീം, താമലശ്ശേരി എ.എം.എൽ.പി. സ്‌കൂൾ പ്രഥമാധ്യാപകൻ ഗസൽ തുടങ്ങിയവർകൂടി പാർക്കിലെ നിത്യസന്ദർശകരായതോടെയാണ് പാർക്കിൽ നാട്ടുവിശേഷങ്ങൾ പങ്കുവെക്കുന്ന സൗഹൃദവേദിയൊരുങ്ങിയത്. പ്രഭാതത്തിലെയും സായാഹ്നത്തിലെയും വ്യായാമങ്ങൾക്കിടെ ചെറുവിശേഷങ്ങൾ പങ്കുവെച്ച് ഇവരങ്ങനെ കൂട്ടുകൂടി. ‘നമ്മുടെ ഈ പാർക്കിൽ മുൻപ് മാറഞ്ചേരി പഞ്ചായത്ത് പൊതുശൗചാലയം നിർമിക്കാൻ തുടങ്ങിയതാണ്. എന്നാൽ അതിനെതിരേ നാട്ടുകാരുടെ പ്രതിഷേധവും ‘മാതൃഭൂമി’ വലിയ വർത്തയാക്കുകയും ചെയ്തതേടെയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അബ്ദുറഹ്‌മാൻ പോക്കാർ സംസാരിച്ചുതുടങ്ങി. അന്ന് അതു നടന്നെങ്കിൽ ഇങ്ങനെ ഒരു കൂട്ടായ്‌മ ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് മുതിർന്ന അംഗമായ ഫ്രണ്ട്‌സ് അബ്ദുറഹ്‌മാൻ കൂട്ടിച്ചേർത്തു. ഇതുകേട്ടതും മറ്റൊരാൾ കൂട്ടായ്‌മയൊക്കെ ആവാം പേരുമാറ്റണമെന്നു പറഞ്ഞതും കൂട്ടച്ചിരിയുണർന്നു. പുലർച്ചെ നാലു മണിയോടെ താഹിറയും സഫിയയും ഉൾപ്പെടുന്ന സ്‌ത്രീകളാണ് ഓപ്പൺ ജിം ഉപയോഗിക്കാനായി ആദ്യമെത്തുക. പിന്നീട് ആയിശയും യുവതികളായ നിമിഷ അശോകും മായയും വയോജന പാർക്കിലെത്തും. സുബ്‌ഹി നമസ്‌കാരം കഴിയുന്നതോടെയാണ് കാങ്ങിലയിൽ മുഹമ്മദാലിക്ക ഉൾപ്പെടെയുള്ളവരെത്തുക. എട്ടുമണിവരെ വ്യായാമവും സൗഹൃദസംസാരവുമായി പാർക്ക് സജീവമാകും. വൈകുന്നേരം മൂന്നുമുതൽ രാത്രി ഏഴുവരെയും ഇതുണ്ടാകും. റംസാനിൽ രാവിലെ എത്തുന്നവരുടെ എണ്ണം കുറവാണ്. വയോജന പാർക്കിലെ സൗഹൃദങ്ങൾക്ക് മികച്ച പിന്തുണയുമായി പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തംഗം പി. നൂറുദ്ദീനുമുണ്ട്. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ. സിന്ധുവിന്റെയും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീനയുടെയും പിന്തുണയും ഈ സൗഹൃദക്കൂട്ടായ്‌മയ്ക്കുണ്ട്്. വയോജന പാർക്കിലെ ചർച്ചക്കിടെ സി.ടി. സലീമാണ് കൂട്ടായ്‌മ എന്നൊരാശയം മുന്നോട്ടുവെക്കുന്നത്. പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിന്റെ പാർക്കായതിനാൽ ഈ ആശയം ബന്ധപ്പെട്ടവരുമായി പങ്കുവെച്ചു. അവരുടെ പൂർണ പിന്തുണയും. ഇതോടെ 2024 ജനുവരി 19-നാണ് സി.ടി. സലീം ‘വയോജന പാർക്ക് ആൻഡ് മാറഞ്ചേരി ഓപ്പൺ ജിം’ ഒരു വാട്‌സാപ്പ് കൂട്ടായ്‌മ ഉണ്ടാക്കിയത്. ഇതോടെ പാർക്കിൽ പറഞ്ഞുതീരാത്ത ചർച്ച വാട്സ്ആപ്പ് ഗ്രൂപ്പിലും തുടർന്നു. ഇതിനിടയിൽ കൂട്ടായ്‌മയുടെ ചെയർമാനായി അബ്ദുറഹ്‌മാൻ പോക്കറെയും കൺവീനറായി സി.ടി. സലീമിനെയും തിരഞ്ഞെടുത്തു. പാർക്കിലെ ജിം ഉപകരണങ്ങളുടെ സർവീസ്, പാർക്ക് ശുചീകരണം തുടങ്ങിയവ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. അടുത്തിടെയായി അംഗങ്ങൾ പിരിവെടുത്ത് 75,000 രൂപ വിലവരുന്ന വ്യായാമത്തിനാവശ്യമായ ഉപകരണം പാർക്കിലേക്കു വാങ്ങി. അഞ്ചുപേരിൽ മാത്രമായി തുടങ്ങിയ ഈ കൂട്ടായ്‌മയിൽ ഇപ്പോൾ മുപ്പത് സ്‌ത്രീകളുൾപ്പെടെ 70 പേർ സജീവമായുണ്ട്. എന്നാൽ ഇടയിൽ വയോജന പാർക്കിലെ സന്ദർശകരെക്കൂടി ഉൾപ്പെടുത്തിയപ്പോൾ 167 അംഗങ്ങളുമായി വാട്സാപ്പ് ഗ്രൂപ്പ് ഉയർന്നു. കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര നടത്തി. 22 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. ഇതിൽ ആയിശ ഉൾപ്പെടെ അഞ്ചുപേർ ജീവിതത്തിൽ ആദ്യമായാണ് വിനോദയാത്ര പോകുന്നത്. വീടുകളിൽമാത്രം ഒതുങ്ങുമായിരുന്ന പലരെയും നാടുമായും നാട്ടുകാരുമായും സൗഹൃദമുണ്ടാക്കിയത് വയോജന സൗഹൃദ പാർക്ക് തന്നെയാണ്. വയോജന പാർക്കിന്റെ ഒന്നാംവാർഷികത്തിൽ 2024 ഡിസംബറിൽ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ബ്ലോക്ക്പഞ്ചായത്തംഗം പോഴത്ത് നൂറുദ്ദീൻ, അബ്ദുറഹ്‌മാൻ പോക്കർ, കാങ്ങിലയിൽ മുഹമ്മദാലി, സി.ടി. സലീം, ഷെരീഫ് കല്ലാട്ടേൽ തുടങ്ങിയവർ അഡ്‌മിൻമാരായ വയോജന പാർക്ക് ആൻഡ് മാറഞ്ചേരി ഓപ്പൺ ജിം വാട്സാപ്പ് കൂട്ടായ്‌മയുടെ സൗഹൃദം മറ്റുള്ളവർക്കുകൂടി പങ്കുവെച്ച് സജീവമായി തുടരുന്നു.
ചങ്ങരംകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതികളെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജനപ്രതിനിധികളായ റീസ പ്രകാശ്,സുജിത സുനിൽ,സുനിത…
കോഴിക്കോട്: താമരശ്ശേരിയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിൻ്റെ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന…
വില്ലേജ് ഓഫീസിനൊപ്പം ജീവനക്കാരും ‘സ്‌മാർട്ടാ’കണം - മന്ത്രി രാജൻ വളാഞ്ചേരി : കെട്ടിടങ്ങളും ഉപകരണങ്ങളും സ്‌മാർട്ടായതുകൊണ്ട് വില്ലേജ് ഓഫീസ് സ്‌മാർട്ടാകുകയില്ലെന്ന്…
നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു സഹകരണ സംഘങ്ങളിലെ നിക്ഷേപം അൽപായുസ്സ് മാത്രമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെ…
എടപ്പാൾ: കാണാം ചിത്രയുടെ ചിത്രങ്ങൾഅന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും. 'ചിത്രകാരനും ഫോട്ടോഗ്രാഫറുമായ…
മലപ്പുറം :ബസ് ജീവനക്കാര്‍ മര്‍ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍.ബസ് ജീവനക്കാരായ സിജു (37),…