KERALA


ഇലന്തൂർ ഇരട്ട നരബലി, നരഭോജനം ; തെളിവെടുപ്പ് ഇന്നും തുടരും

ഇലന്തൂർ ഇരട്ട നരബലി  കേസിൽ  പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഭഗവൽ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് ആലോചന. ഇന്നലെ പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. 

കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും  റോസിലിയെയും  കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ചാകും  ഭഗവൽ സിംഗിന്റെ ഇന്നത്തെ തെളിവെടുപ്പ്. പ്രതികളിൽ നിന്ന്  കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി.

ഇരകളെ കൊന്ന് നരഭോജനം നടത്തിയെന്ന്  പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്തത്. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിൽ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറിൽ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി.

മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും സംഭവസ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്.  കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്ന് പുതിയതും പഴയതുമായ രക്തക്കറകളും കണ്ടെത്തി.. തെളിവെടുപ്പിൽ ഉടനീളം ഷാഫിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. നരബലി നടന്ന വീട്ടുവളപ്പിൽ പൊലീസ് എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് നടത്തിയത്. എന്നാല്‍ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. വീട്ടുപറമ്പിൽ ഇനിയൊരു മൃതദേഹാവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പരമാവധി പരിശോധന നടത്തി. കുഴിച്ച് പരിശോധിക്കേണ്ട സാഹചര്യം ഇനിയില്ലെന്നുമാണ്  വിലയിരുത്തൽ. പ്രതികൾ മൂന്ന് പേരെയും സംഭവ സ്ഥലത്ത് എത്തിച്ച് കഡാവർ നായകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒരു എല്ല് കണ്ടെത്തിയെങ്കിലും ഇത് മൃഗത്തിന്‍റേതാണെന്ന സംശയത്തിലാണ് പൊലീസ്.  നാല്പതടി ആഴത്തിൽ മറവു ചെയ്ത മൃതദേഹങ്ങൾ വരെ കണ്ടെത്താൻ ശേഷിയുള്ള മായ, മർഫി എന്നീ നായകളെ ഉപയോഗിച്ചാണ് പറമ്പിൽ വിശദമായ പരിശോധന നടത്തിയത്. നായ സംശയിച്ചു നിന്ന സ്ഥലങ്ങളിൽ എല്ലാം ചെറിയ കുഴി എടുത്ത് കൂടുതൽ പരിശോധനയും നടത്തി. പ്രതികളെ പുറത്തിറക്കി വിവരങ്ങൾ തേടിയായിരുന്നു ചിലയിടങ്ങളിൽ പരിശോധന നടത്തിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button