PONNANI


ഇറക്കുമതി മത്സ്യത്തിന് ഇനി പൊന്നാനിയിൽ നിയന്ത്രണം; തെരുവോരങ്ങളിൽ ഇറക്കാൻ അനുവദിക്കില്ല

പൊന്നാനി : ജില്ലയിലെ മീൻപിടിത്ത മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇറക്കുമതി മത്സ്യത്തിന് പൊന്നാനിയിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യം ഇനി മുതൽ തെരുവോരങ്ങളിൽ ഇറക്കാൻ അനുവദിക്കില്ല. ഇന്നലെ നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണു തീരുമാനം.

തെരുവോരങ്ങൾ മലിനമാക്കുന്നുവെന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നഗരസഭ കർശന തീരുമാനം കൈക്കൊള്ളുന്നത്. ഇറക്കുമതി മത്സ്യങ്ങൾ തെരുവുകളിൽ ഇറക്കുന്നത് അവസാനിപ്പിക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള വാഹന അനൗൺസ്മെന്റ് ഇന്നുണ്ടാകും. മുന്നറിയിപ്പ് മറികടന്ന് മത്സ്യം ഇറക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചു.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതി മത്സ്യം ജില്ലയിലെ മീൻപിടിത്ത മേഖലയെ തകർക്കുന്നതു സംബന്ധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ പരാതി ഇന്നലെ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അടിയന്തര യോഗം വിളിച്ചുചേർത്തത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

മുംബൈ, ഗുജറാത്ത്, ഗോവ, കർണാടക, തമിഴ്നാട് ഭാഗങ്ങളിൽനിന്ന് വൻതോതിൽ മത്സ്യം ജില്ലയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.  ജില്ലയിലെ ബോട്ടുകാരും വള്ളക്കാരും പിടിക്കുന്ന മത്സ്യം വിറ്റുപോകാത്ത അവസ്ഥയുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ യോഗത്തിൽ പറഞ്ഞു. അയക്കൂറ, ആവോലി, കൂന്തൾ, വലിയ മത്തി, അയല തുടങ്ങി ഇവിടെ ലഭ്യമാകുന്ന മത്സ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുകയാണ്. 200 രൂപയ്ക്കു വരെ കഴിഞ്ഞ ദിവസം ആവോലി ഇറക്കുമതി ചെയ്തിരുന്നു.

ജില്ലയിൽ 500 രൂപ വരെ വിലയുള്ള മത്സ്യമാണ് 200 രൂപയ്ക്ക് വിൽപന നടത്തിയിരുന്നത്. മാത്രവുമല്ല, പഴകിയതും മായം ചേർത്തതുമായ മത്സ്യം ജില്ലയിലേക്ക് എത്തുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു.

വൻതോതിൽ ഇറക്കുമതി ചെയ്യുന്ന മത്സ്യം തെരുവോരങ്ങളിൽ ഇറക്കുന്നത് വലിയ മാലിന്യപ്രശ്നമുണ്ടാക്കുന്നുണ്ട്. മത്സ്യം ഇറക്കാനും കയറ്റാനും വിൽപന നടത്താനും അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ ഇത് അനുവദിക്കൂ. മറ്റു നഗരഭാഗങ്ങളിൽ ബോക്സുകണക്കിന് മത്സ്യം കൊണ്ടുവന്നിറക്കുന്നത് വലിയ മാലിന്യപ്രശ്നവും ദുർഗന്ധവുമുണ്ടാക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഇറക്കുമതി മത്സ്യത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button