KERALA

ഇരുൾ നിറയുന്ന കണ്ണീർ; ഇനിയുമകലെ പ്രതീക്ഷ.

പെരിങ്ങര (തിരുവല്ല) ∙ ഇരുൾ നിറഞ്ഞ ജീവിതവഴിയിൽ ഇടറാതെ മുന്നേറുന്നതിനിടെയും സർക്കാർ സംവിധാനങ്ങളിലെ പാളിച്ചകൾ മൂലം ഇരുട്ടിന്റെ പിടിയിലമർന്ന് ഒരു കുടുംബം. ബിപിഎൽ വിഭാഗത്തിനു ജല അതോറിറ്റി നൽകിയ ‘സൗജന്യ’ കണക്‌ഷനിൽ കുടിശിക വന്നതായി കാട്ടി അധികൃതർ ഒരു വർഷം മുൻപു കണക്‌ഷൻ വിഛേദിച്ചതോടെ ശുദ്ധജലം തേടി അയൽവീടുകളെയും ആഴ്ചയിൽ 2 ദിവസം മാത്രം വെള്ളമെത്തുന്ന വഴിയരികിലെ ടാപ്പിനെയും ആശ്രയിക്കേണ്ട ദുരിതത്തിലാണ് വേങ്ങൽ വലിയപറമ്പിൽ വീട്ടിലെ ഓമനക്കുട്ടനും കുടുംബവും. കാഴ്ചപരിമിതരായ പിതാവും 3 മക്കളുമടങ്ങിയ പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബത്തിന് ഏക ആശ്രയം കാഴ്ചയുള്ള വീട്ടമ്മ മാത്രമാണ്.2015ൽ ലഭിച്ച സൗജന്യ കണക്‌ഷനിൽ 4200 രൂപ കുടിശിക വന്നതായി കാട്ടി 2020 ലാണ് ഇവർക്ക് ആദ്യ അറിയിപ്പു ലഭിക്കുന്നത്. തുക അടയ്ക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ കണക്‌ഷൻ വിഛേദിച്ചു. 2 മാസങ്ങൾക്കു മുൻപ് 8000 രൂപ കുടിശിക അടയ്ക്കണമെന്നുള്ള മറ്റൊരു അറിയിപ്പു കൂടി ലഭിച്ചിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിന് സൗജന്യമായി ലഭിക്കുന്ന അളവിൽ കൂടുതൽ ജലം ഉപയോഗിച്ചതിനാലാകാം ഇവർക്കു കുടിശിക വന്നതെന്നാണ് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. ഓമനക്കുട്ടന് കാഴ്ചശക്തി തീരെയില്ല. കഴിഞ്ഞ 2 വർഷമായി പ്രമേഹ രോഗം കലശലാണ്. ഭാര്യ ജയമോൾ വീട്ടുജോലിക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ആശ്രയം. ഇവരുടെ മൂന്നു മക്കളും ജന്മനാ കാഴ്ചപരിമിയുള്ളവരാണ്. മൂത്ത മകൻ ചിന്തുമോൻ (34) ഡിഗ്രിയും ടിടിസിയും വിജയിച്ചതാണ്. ജോലി ആയിട്ടില്ല. രണ്ടാമത്തെയാൾ ചിഞ്ചു (32) ടിടിസിയും സ്പെഷൽ ടിടിസിയും പാസായതാണ്. ഇപ്പോൾ എറണാകുളം ഗവ. ലോ കോളജിൽ രണ്ടാം വർഷ എൽഎൽബി വിദ്യാർഥിനി. മൂന്നാമത്തെയാൾ അഞ്ജുവും (28) സ്പെഷൽ ടിടിസി വിജയിച്ച് മഹാരാജാസ് കോളജിൽ ബിഎ സംഗീതം പഠിക്കുന്നു.3 സെന്റ് സ്ഥലത്ത് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ അനുവദിച്ച 2 ലക്ഷം രൂപയും പഠനമുറിക്കായി അനുവദിച്ച ഒരു ലക്ഷം രൂപയും ചേർത്തു നിർമിച്ച വീടാണ് ഇവർക്കുള്ളത്. നിർമാണം പൂർത്തിയായില്ലെങ്കിലും പണിക്കായി നല്ലൊരു തുക വായ്പയുമെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button