Valanchery

ഇരിമ്പിളിയത്ത് കുടിവെള്ളമില്ലാതെ 20 ദിവസം.

വളാഞ്ചേരി : ജലവകുപ്പിന്റെ അനാസ്ഥയിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലാണ് ചുട്ടുപൊള്ളുന്ന വേനലിൽ കഴിഞ്ഞ ഇരുപത് ദിവസമായി കുടിവെള്ളമില്ലാതെ ജനങ്ങൾ പ്രയാസപ്പെടുന്നത്. ഇരിമ്പിളിയം കൈതക്കടവിലുള്ള ഇരിമ്പിളിയം വളാഞ്ചേരി ത്വരിതഗ്രാമീണ കുടിവെള്ളപദ്ധതിവഴി വിതരണം ചെയ്യുന്ന ശുദ്ധജലവിതരണമാണ് രണ്ടര ആഴ്ചയായി മുടങ്ങിക്കിടക്കുന്നത്.

പദ്ധതിവഴിയുള്ള വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഈ പ്രദേശത്തുള്ളവർ ഏറെയും. ഈ കുടുംബങ്ങളാണ് കടുത്ത വേനലിൽ ദുരിതത്തിലായത്. മോട്ടോർ കേടാവുക, സ്ഥിരമായി വെള്ളക്കുഴലുകൾ പൊട്ടുക, വൈദ്യുതി വിതരണം തകരാറിലാവുക തുടങ്ങിയവയാണ് ജലവിതരണം മുടങ്ങുന്നതിന് പ്രധാനകാരണങ്ങളായി അധികൃതർ പറയുന്നത്. എന്നാൽ മോട്ടോറിന്റെയും പ്രധാന പൈപ്പ് ലൈനിന്റെയും ക്ഷമത കൂട്ടാതെ അശാസ്ത്രീയമായി കൂടതൽ കണക്‌ഷനുകൾ നൽകുന്നത് ജലവിതരണം അവതാളത്തിലാക്കുന്നുവെന്ന് ആക്ഷേപമുണ്ട്.

പദ്ധതിമേഖലയിൽ സ്ഥിരം തടയണ നിർമിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതും വേനൽക്കാലമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു. നിലവിലെ മോട്ടാർ കേടാവുമ്പോൾ പകരം സ്ഥാപിക്കാനാുള്ള മോട്ടോർ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. കുടിവെള്ളം മുടങ്ങാതെ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ഭരണസമിതിയുടെ ആവശ്യം ജലവകുപ്പ് ചെവിക്കൊണ്ടിട്ടില്ലെന്നും ഭരണസമിതി ആരോപിക്കുന്നു. ഇതിനെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ സമരത്തിനിറങ്ങുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് പറഞ്ഞു.ജലവകുപ്പിന്റെ അനാസ്ഥയെന്ന് ആക്ഷേപം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button