സി.പി.എം. പൊന്നാനി ഏരിയാ കമ്മിറ്റിയുടെ ഇമ്പിച്ചിബാവ അനുസ്മരണ സമ്മേളനം എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു എരമംഗലം : ഇ.കെ. ഇമ്പിച്ചിബാവയുടെ ഓർമ്മയിൽ നിറഞ്ഞ് പൊന്നാനി. ഇമ്പിച്ചിബാവാദിനമായ ചൊവ്വാഴ്ച സി.പി.എം. ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവൻ പാർട്ടി ഓഫീസുകൾക്ക് മുന്നിലും പതാക ഉയർത്തി. പ്രഭാതഭേരിയും നടത്തി.സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ ഇമ്പിച്ചിബാവ അനുസ്മരണ സമ്മേളനം നടത്തി. മുൻ മന്ത്രിയും സി.പി.എം. സംസ്ഥാന സമിതിയംഗവുമായ എസ്. ശർമ ഉദ്ഘാടനംചെയ്തു. പൊതുജനങ്ങൾക്കായി നിലകൊണ്ട ജനകീയനായ പൊതുപ്രവർത്തകനും നേതാവുമായിരുന്നു ഇ.കെ. ഇമ്പിച്ചിബാവയെന്ന് അദ്ദേഹം പറഞ്ഞു.പി. നന്ദകുമാർ എം.എൽ.എ. അനുസ്മരണപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇമ്പിച്ചിബാവയോടൊപ്പം തിരഞ്ഞെടുപ്പിൽ പാട്ടുപാടി പ്രചാരണം നടത്തിയ ഗായകൻ ബക്കർ മാറഞ്ചേരി അനുഭവങ്ങൾ പങ്കുവെച്ചു. ഏലംകുളം ഇ.എം.എസ്. അക്കാദമിയിൽ ആരംഭിക്കുന്ന മൈനോറിറ്റി സ്റ്റഡിസെൻറർ ലൈബ്രറിയിലേക്ക് ബ്രാഞ്ചുകളിൽനിന്ന് ശേഖരിച്ച പുസ്തകങ്ങൾ ലോക്കൽകമ്മിറ്റി സെക്രട്ടറിമാരിൽനിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ ഏറ്റുവാങ്ങി. ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രൊഫ. എം.എം. നാരായണൻ, അഡ്വ. ഇ. സിന്ധു, ഏരിയാ സെൻറർ അംഗങ്ങളായ ടി.എം. സിദ്ദീഖ്, സുരേഷ് കാക്കനാത്ത് എന്നിവർ പ്രസംഗിച്ചു.