SPECIAL

ഇന്ന് ശ്രീനാരായണഗുരു ജയന്തി

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന എന്നും പ്രസക്തമായ ആപ്തവാക്യം പകര്‍ന്നുതന്ന മഹാഗുരുവാണ് ശ്രീനാരായണ ഗുരു. എല്ലാത്തരം സാമൂഹ്യ തിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ നവോത്ഥാന നായകനാണ് അദ്ദേഹം. മനുഷ്യവംശത്തിന്റെ യാത്രാവഴികളില്‍ ഒരു കെടാവിളക്കായി ശ്രീനാരായണ ഗുരു പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു. വിഭാഗീയതകളും വേലിക്കെട്ടുകളുമില്ലാത്ത മനുഷ്യര്‍ സമാധാനത്തോടെ വാഴുന്ന ലോകമായിരുന്നു ശ്രീനാരയണ ഗുരുവിന്റെ സ്വപ്നം. സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു. ഗുരുദര്‍ശനങ്ങള്‍ക്ക് എന്നത്തെക്കാളും പ്രസക്തിയേറുന്ന കാലത്താണ് നാം ജീവിക്കുന്നത്.

എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ അദ്ദേഹം, ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യര്‍ക്ക് ഗുരുവിന്റെ ആദര്‍ശങ്ങള്‍ പുത്തനുണര്‍വ് നല്‍കി.

അരുവിപ്പുറം പ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലാധ്യായങ്ങളാണ്. വരും തലമുറകള്‍ക്കും ഗുരുപഠിപ്പിച്ച പാഠങ്ങള്‍ വഴിവെളിച്ചമായി മാറാന്‍, അവ പകര്‍ന്നുകൊടുക്കാന്‍ മനുഷ്യരാശിക്ക് കഴിയണം. ഗുരുദര്‍ശനങ്ങള്‍ ആഴത്തില്‍ അറിയുകയും മനസിലാക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button