ഗുണ്ടകളെ ഓരോന്നായി പൊക്കി പൊലീസ്; പെന്നാനിയിലെ തലവേദനയായ ഷമീം പിടിയിൽ
നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പൊന്നാനിയിൽ അറസ്റ്റിൽ. പൊന്നാനി സ്വദേശി ഏഴു കുടിക്കൽ വീട്ടിൽ ഷമീം ( 27) പൊലീസ് പിടിയിലായത്. സംസ്ഥാനത്ത് ഗുണ്ടാ ലിസ്റ്റുകളിലുള്ളവർക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കിയിരിക്കെയാണ് ഷമീമും അറസ്റ്റിലായിരിക്കുന്നത്. 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും ലഹരിമാഫിയയുടെ തലവനുമാണ് ഷമീമെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനം. പൊന്നാനിയിലെ കർമ്മ റോഡിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തമ്പടിച്ച് ദമ്പതികളെയും കമിതാക്കളെയും ആക്രമിച്ച് പിടിച്ചു പറിക്കലാണ് ഇയാളുടെ ഹോബി. നാട്ടുകാർക്കും പൊലീസിനും തലവേദനായയ ഷമീമിനെ സാഹസികമായാണ് പിടികൂടിയത്. പൊന്നാനി സിഐ വിനോദ് വലയാറ്റൂരിന്റെ നേതൃത്വത്തിലാണ് ഷമീമിനെ അറസ്റ്റ് ചെയ്തത്. തീരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
സംസ്ഥാനത്ത് ഗുണ്ടാ ലിസ്റ്റുകളിലുള്ളവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് പെലീസ്. തിരുവനന്തപുരം റെയ്ഞ്ചിൽ മാത്രം 1,200 ഇടങ്ങളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. 220 പിടികിട്ടാപ്പുള്ളികളെയും, വാറണ്ടുള്ള 403 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മോഷണം, വീടുകയറി ആക്രമണം, സ്ത്രീകള്‍ക്കു നേരെ ആക്രമണം, ഗുണ്ടാപക തുടങ്ങി കൊലപാതകം വരെ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കിയത്. ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്തിയ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വഴിയാണ് നടപടി. 1251 പേരെ കരുതല്‍ തടങ്കലിലുമാക്കി. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ 390 പരിശോധനകള്‍ നടത്തി. ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 68 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.