പിന്നെയും കണ്ണടച്ചു, : കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ


കുറ്റിപ്പുറം : രണ്ട് മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഹൈവേ ജങ്ഷനിലെ ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം നിലച്ചു. സിഗ്നലിന്റെ പ്രവർത്തനം നിലച്ചതോടെ ഹൈവേ ജങ്ഷനിലൂടെയുള്ള വാഹനങ്ങളുടെ യാത്ര തോന്നിയപടിയാണ്. ട്രാഫിക് സിഗ്നൽ പ്രവർത്തനം നിലച്ചതോടെ നിരവധി വാഹനാപകടങ്ങൾ ഇവിടെ ഇതിനകം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഹൈവേ ജങ്ഷനിൽവെച്ച് കുന്നംകുളം പോലീസ്‌സ്റ്റേഷനിലെ സീനിയർ സിവിൽപോലീസ് ഓഫീസർ ബിജു സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതവേഗത്തിൽ വന്ന സ്വകാര്യബസ് ഇടിച്ചുകയറി അപകടമുണ്ടായി. ഈ അപകടത്തിൽ അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞു.
അതിനുമുൻപും ശേഷവും നിരവധി വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. വാഹനാപകടങ്ങൾ വർധിക്കുമ്പോൾ അതിനെതിരേ പ്രതിഷേധം ഉണ്ടായാൽ ട്രാഫിക് സിഗ്നൽ പ്രവർത്തിപ്പിക്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചു വരുന്നത്. ഹൈവേ ജങ്ഷനിൽനിന്ന് കുറ്റിപ്പുറം ടൗണിലേക്കും തിരൂർ റോഡിലേക്കും പഴയ ഹൈവേ റോഡിലേക്കും വാഹനങ്ങൾക്ക് പ്രവേശിക്കാം.
തിരൂർ ബൈപ്പാസ് റോഡിലേക്ക് ഹൈവേ ജങ്ഷനിൽനിന്ന് ഇറക്കമാണ്. ഹൈവേ ജങ്ഷനിൽനിന്ന് വാഹനങ്ങൾ വേഗത്തിലാണ് തിരൂർ ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്നത്. വാഹനങ്ങൾ ജങ്ഷനിലേക്ക് കയറി വരുന്നതും വേഗത്തിലാണ്. ട്രാഫിക് സിഗ്നൽ പ്രവർത്തിച്ചാൽ ഇതുവഴിയുള്ള വാഹനങ്ങളുടെ അമിതവേഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.
