ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. മുഴുവൻ സമയ ക്യാപ്റ്റനായതിനു ശേഷം നയിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച രോഹിത് റെക്കോർഡ് തുടരാനുള്ള ശ്രമത്തിലാണ്. പല മുതിർന്ന താരങ്ങളും ഇന്ത്യൻ ടീമിൽ ഇല്ലെങ്കിലും മികച്ച യുവതാരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണിൻ്റെ തിരിച്ചുവരവാണ് ഏറെ ശ്രദ്ധേയം. ഐപിഎലിൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും രാജ്യാന്തര മത്സരങ്ങളിൽ ആ മികവ് പുലർത്താൻ കഴിയാത്ത മലയാളി താരത്തിൻ്റെ കരിയറിൽ ഏറെ സുപ്രധാനമായ പരമ്പരയാണ് ഇത്. താരത്തെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ നായകൻ രോഹിത് ശർമ്മ രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയയിൽ ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പിൽ താരത്തെ പരിഗണിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. അതുകൊണ്ട് തന്നെ സഞ്ജു മൂന്ന് മത്സരങ്ങളും കളിച്ചേക്കും.
സഞ്ജുവിൻ്റെയും രോഹിത് ശർമ്മയുടെയും ബാറ്റിംഗ് പൊസിഷനുകളാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും സഞ്ജു മൂന്നാം നമ്പർ താരമാണെങ്കിലും ഇന്ത്യൻ ടീമിൽ അഞ്ചാം നമ്പർ താരമായാണ് സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത. ഒന്നാം പന്ത് മുതൽ ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള കഴിവുള്ളതുകൊണ്ട് തന്നെ സഞ്ജു അഞ്ചാം നമ്പറിൽ കളിച്ചേക്കും. രോഹിത് ഓപ്പൺ ചെയ്താൽ ഇഷൻ കിഷനോ ഋതുരാജ് ഗെയ്ക്വാദോ പുറത്തിരിക്കേണ്ടിവരും. വിൻഡീസിനെതിരെ കിഷൻ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, താരത്തിന് ഈ പരമ്പരയിൽ കൂടി അവസരം നൽകിയേക്കും. ഋതുരാജ്-കിഷൻ സഖ്യം തന്നെ ഓപ്പൺ ചെയ്യുമെങ്കിൽ രോഹിത് നാലാം നമ്പറിലാവും കളിക്കാൻ സാധ്യത. ചഹാൽ, കുൽദീപ്, ബിഷ്ണോയ് എന്നിവരിൽ ഒരാളേ കളിക്കാനിടയുള്ളൂ. രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ കളിപ്പിച്ചാൽ ഹർഷൽ പട്ടേലിനെയോ ഭുവനേശ്വർ കുമാറിനെയോ പുറത്തിരുത്തേണ്ടിവരും. അതിന് ഇന്ത്യ തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ ചഹാലിനോ ബിഷ്ണോയ്ക്കോ നറുക്ക് വീണേക്കും.
ശ്രീലങ്കൻ നിരയിൽ പരുക്കിൻ്റെ തിരിച്ചടിയുണ്ട്. കൊവിഡ് ബാധിച്ച ഹസരങ്കയ്ക്കൊപ്പം തുടയ്ക്ക് പരുക്കേറ്റ കുശാൽ മെൻഡിസും മഹേഷ് തീക്ഷണയും ഇന്ന് കളിച്ചേക്കില്ല.














