ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചു

ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചത്.ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധ വ്യഞ്ജനം, ടെക്സ്റ്റൈല്‍സ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല. കയറ്റുമതി മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതാണ് വ്യാപാരക്കരാര്‍. ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന കരാറാണെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി വ്യക്തമാക്കി.
യുകെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും. ക്ഷീരോത്പന്നങ്ങള്‍, ആപ്പിള്‍ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നല്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങള്‍ക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. യുകെയില്‍ നിന്നുള്ള ചില കാർഷിക ഉത്പന്നങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇന്ത്യൻ വിപണിയും കരാറിലൂടെ തുറന്നു കിട്ടും. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ക്ക് യുകെയില്‍ 20 ശതമാനം തീരുവ ഉണ്ടായിരുന്നത് പൂജ്യമാക്കി.
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനും തീരുവയില്ലാതെ യുകെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും കുറച്ചു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.
കേരളത്തിനും ഈ തീരുമാനം ഗുണം ചെയ്തേക്കാം. പാക്കറ്റിലാക്കിയ ഭക്ഷണത്തിന് എഴുപത് ശതമാനം വരെ തീരുവ ഉണ്ടായിരുന്നതും യുകെ എടുത്തു കളയും. ഇന്ത്യൻ തുണിത്തരങ്ങള്‍ക്ക് 12 ശതമാനവും കെമിക്കലുകള്‍ക്ക് 8 ശതമാനവും തീരുവ യുകെ ചുമത്തിയിരുന്നു. ഇവ രണ്ടും പിൻവലിച്ചു. ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വയറിനുള്ള തീരുവ കുറച്ചത് ഐടി മേഖലയ്ക്ക് സഹായകരമാകും. സ്മാർട്ട് ഫോണുകള്‍, എഞ്ചിനീയറിംഗ് ഉത്പനങ്ങള്‍, പാവകള്‍, സ്പോർട്ട്സ് ഉപകരണങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, പ്ളാസ്റ്റിക്, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള തീരുവ എടുത്തുകളയാനും യുകെ സമ്മതിച്ചു.
ഇന്ത്യൻ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ സാമൂഹ്യസുരക്ഷ നിധി അടയ്ക്കുന്നതിലും ഇളവുണ്ടാകും. യുകെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന ശരാശരി 15 ശതമാനം തീരുവ 3 ശതമാനമായി കുറയ്ക്കും. വാഹനങ്ങള്‍, സ്കോച്ച് വിസ്കി എന്നിവയുടെയെല്ലാം തീരുവ കുറയും.
അതേ സമയം ക്ഷീരോത്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, ആപ്പിള്‍ തുടങ്ങവയ്ക്കുള്ള സംരക്ഷണം തുടരും എന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.
