MALAPPURAM

ഇനി ഒരു ബ്രേക്ക് ; കരിപ്പൂരിലെ സ്വർണക്കടത്ത് കേസുകൾ കുറയുന്നു , റിപ്പോർട്ട് ചെയ്തത് ആറു മാസത്തിനിടെ രണ്ട് കേസുകൾ

മലപ്പുറം: സ്വർണക്കടത്ത് വലിയതോതിൽ അരങ്ങേറിയിരുന്ന കരിപ്പൂർ വിമാനത്താവളത്തിൽ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് രണ്ട് കേസുകൾ മാത്രം. കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതും വിവാദങ്ങളെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് ഔട്ട്‌പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധന പൊലീസ് കുറച്ചതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

20 കേസുകൾ വരെ റിപ്പോർട്ട് ചെയ്ത മാസങ്ങൾ മുൻവർഷങ്ങളിലുണ്ട്. സെപ്തംബർ 29ന് ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ഏജൻസി സൂപ്പർവൈസറുടെ സഹായത്തോടെ യാത്രക്കാരൻ കടത്താൻ ശ്രമിച്ച 1.14 കിലോ സ്വർണമാണ് ഏറ്റവും ഒടുവിൽ പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് 87 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.

അബൂദാബി, ഷാർജ, ദുബായ്, ബഹ്‌റൈൻ, മസ്‌കറ്റ്, ജിദ്ദ, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് കരിപ്പൂരിലേക്ക് കൂടുതലായും സ്വർണമെത്തുന്നത്. 2023ൽ കരിപ്പൂർ വിമാനത്താവളം വഴി 172.19 കോടിയുടെ 270.53 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. 163 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 2022ൽ 359 കിലോ സ്വർണവും പിടികൂടി. 185 കോടിയുടെ സ്വർണവുമായി 449 പേർ പിടിയിലായി. 2024ലെ കണക്ക് അധികൃതർ പുറത്തുവിട്ടിട്ടില്ല. ജൂൺ വരെ സ്വർണക്കടത്ത് കാര്യമായി പിടികൂടിയിരുന്നെങ്കിൽ പിന്നീട് പേരിന് പോലും പിടികൂടാത്ത സ്ഥിതിയായി. ജൂലായിൽ ആണ് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമാക്കി കുറച്ചത്. സ്ത്രീ യാത്രക്കാർക്ക് ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാനുള്ള സ്വർണത്തിന്റെ അളവ് 20ൽ നിന്ന് 40 ഗ്രാമാക്കി ഉയർ‌ത്തി. ഇതോടെ സ്വർണം കടത്തികൊണ്ടുവന്നാലും കൊള്ള ലാഭമില്ലെന്ന സ്ഥിതിയായെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. നേരത്തെ ഒരുകിലോ സ്വർണം കടത്തിയാൽ 50,000 രൂപ മുതൽ 70,​000 രൂപ വരെയും വിമാന ടിക്കറ്റുമാണ് പ്രതിഫലം നൽകിയിരുന്നത്. സ്വർണത്തിന്റെ അളവിന് അനുസരിച്ച് പ്രതിഫല തുകയിൽ മാറ്റമുണ്ടാവും. കേന്ദ്ര സർക്കാർ നികുതി കുറച്ചതോടെ സ്വർണക്കടത്തിന് ലഭിക്കുന്ന തുക കുറ‍‍ഞ്ഞത് കടത്തുകാരെ കിട്ടാത്ത സാഹചര്യം സൃഷ്ടിച്ചതായും പറയപ്പെടുന്നുണ്ട്.

അതേസമയം,​ നിലവിലെ സാഹചര്യത്തിലും സ്വർണം കടത്തികൊണ്ടുവരുന്നത് ലാഭകരമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. നികുതി അടയ്ക്കാതെ എത്തുന്ന സ്വർണം വിൽക്കുന്ന ജുവല്ലറികൾക്ക് മൂന്ന് ശതമാനം ജി.എസ്.ടി ലാഭിക്കാവും. സ്വർണക്കടത്ത് കാര്യമായി കുറ‍ഞ്ഞെന്ന വിലയിരുത്തലുകൾ ശരിയല്ലെന്ന വാദവുമുണ്ട്. ജില്ലാ പൊലീസ് മേധാവിയായിരുന്നു സുജിത് ദാസിയും ക്രമസമാധാന എ.ഡി.ജി.പി ആയിരുന്ന എം.ആർ അജിത് കുമാറിനും എതിരെ പി.വി.അൻവർ എം.എൽ.എ സ്വർണക്കടത്ത് ആരോപണം ഉന്നയിച്ചത് പരിശോധനയിൽ നിന്ന് പൊലീസിന്റെ പിന്മാറ്റത്തിന് കാരണമായെന്ന ആക്ഷേപമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button