KERALA

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി’; പി കെ നവാസിനെതിരെ പരാതി

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പരാതി. വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയെന്നാണ് പരാതി. നവാസിനെതിരെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്കാണ് ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവത്തിനാസ്പദമായ സ്‌കോളര്‍ഷിപ്പ് പദ്ധതി എംഎസ്എഫ് പ്രഖ്യാപിച്ചത്. ഹബീബ് എജ്യുകെയര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്താകെ ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷയെഴുതി തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കോടിയോളമായിരുന്നു എംഎസ്എഫ് പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ്.

രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ പരിശീലനത്തില്‍ മൂവായിരത്തോളം പേരാണ് ആകെ പങ്കെടുത്തത്. ഇവര്‍ക്കായി സിഎ, സിഎംഎ ഉള്‍പ്പെടെ നടത്തിയ പരീക്ഷയ്‌ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ പരാതി ഉയര്‍ന്നത്. പരീക്ഷാ പേപ്പറില്‍ ചോദ്യങ്ങള്‍ക്ക് പുറമേ രണ്ട് വലിയ സ്വകാര്യ വിദ്യാഭ്യാസ കമ്പനികളുടെ പരസ്യമുണ്ടായിരുന്നു.

പരീക്ഷ കഴിഞ്ഞ ദിവസം മുതല്‍ വിദ്യാര്‍ത്ഥികളുടെ ഫോണിലേക്ക് കമ്പനികളുടെ ഫോണ്‍ കോള്‍ ഓഫറുകളടക്കം നിരന്തരമെത്തിയതോടെയാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് പി കെ നവാസിനെതിരെ വൈസ് പ്രസിഡന്റ് പരാതി നല്‍കിയത്. വിഷയത്തില്‍ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. എംഎസ്എഫിന്റെ സംസ്ഥാന ട്രഷററും പി കെ നവാസും വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button