CHANGARAMKULAM

ഇത് അത്ഭുതം;ചങ്ങരംകുളം സ്വദേശികളുമായി റാക് മാര്‍ക്കറ്റിലെ അനുഭവം പങ്കുവെച്ച് നടൻ ജോയ് മാത്യു

റാക് പച്ചക്കറി മാർക്കറ്റ് സന്ദർശിച്ച അനുഭവം പങ്കുവെച്ച് മലയാള സിനിമയിലെ നിറസാന്നിധ്യമായ ജോയ് മാത്യു. സലാം ബാപ്പുവിന്‍റെ ‘ആയിരത്തിയൊന്നാം രാവ്’ ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ ലഭിച്ച ഇടവേളയിലാണ് ഇദ്ദേഹം പച്ചക്കറി മാര്‍ക്കറ്റിലെത്തിയത്. അവിടെവെച്ച് കച്ചവടക്കാരനായ ചങ്ങരംകുളം സ്വദേശി മുഹമ്മദിനൊപ്പം സെല്‍ഫിയെടുത്ത് ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ മാർക്കറ്റിലെ മലയാളി സാന്നിധ്യം അത്ഭുതകരമാണെന്ന് കുറിച്ചു. ‘റാസല്‍ഖൈമ യു.എ.ഇയിലെ ഒരു നാട്ടുരാജ്യമാണ്. ചെറുതെങ്കിലും മനോഹരം. മനുഷ്യരും മലകളും. ഇന്നത്തെ ചിത്രീകരണം റാസല്‍ഖൈമയിലെ പച്ചക്കറിച്ചന്തയിലായിരുന്നു. റാസല്‍ഖൈമയിലും പരിസര പ്രദേശങ്ങളിലും ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ മാത്രമെ ഇവിടെയുള്ളൂ എന്നത് മാത്രമല്ല ഈ മാര്‍ക്കറ്റിന്‍റെ പ്രത്യേകത. മലയാളികള്‍ മാത്രമാണ് ഇവിടത്തെ കച്ചവടക്കാരും ജോലിക്കാരും എന്നത് മറ്റൊരു അത്ഭുതമാണ്. ലോകത്ത് മറ്റെവിടെയും കാണാത്ത അത്ഭുതം.’ എന്നിങ്ങനെയാണ് കുറിപ്പ്.

കച്ചവടക്കാരൻ മുഹമ്മദിനെ കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്. ജോയ് മാത്യുവിനെ കണ്ടപാടെ ‘സ്രായിക്കടവിലെ തിരച്ചിലൊക്കെ കഴിഞ്ഞോ സാറേ’ യെന്ന് ചോദിച്ചതാണ് 35 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന മുഹമ്മദിന് നടനെ പരിചയപ്പെടാൻ നിമിത്തമായത്. പഴയ പ്രീഡിഗ്രിക്കാരനെന്നറിഞ്ഞ ജോയ് മാത്യു മുഹമ്മദിന്‍റെ കുടുംബ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മക്കളൊക്കെ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം പങ്കുവെച്ചു. പഴയ സഹപാഠിയെ കണ്ടപോലെ അനുഭവം. കുടുംബ വിശേഷവും നാട്ടിലെ വികസന കാര്യവുമൊക്കെ സംസാരത്തില്‍ വന്നു. സിനിമയില്‍ കണ്ടതല്ലാതെ നേരിട്ട് ഒരു മുന്‍ പരിചയവുമില്ല. ജാഡയേതുമില്ലാതെ തന്നോടും പച്ചക്കറി മാര്‍ക്കറ്റിലെ മറ്റുള്ളവരോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞാണ് ജോയ് മാത്യു സെറ്റിലേക്ക് തിരിച്ചതെന്നും മുഹമ്മദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button