ENTERTAINMENT

പ്രതീക്ഷകളെ തൃപ്തിപ്പെടുത്താത്ത ‘മരക്കാർ’

കോവിഡ് കാലഘട്ടത്തിന് ശേഷം സിനിമ ഏറ്റവുമധികം ചര്‍ച്ചയായത് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് മുന്‍പുള്ള കുറച്ചു കാലത്തായിരുന്നു. കോവിഡ് മൂലം വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മരക്കാര്‍ റിലീസിന് തയ്യാറെടുത്തത്. തീയറ്റര്‍ ഒ ടി ടി വിവാദങ്ങള്‍ സംസ്ഥാനവും കടന്നു ചര്‍ച്ചയായി. മന്ത്രി തല ഇടപെടലുകള്‍ക്കും നിരന്തര തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ഒടുവില്‍ ഒ ടി ടി റിലീസ് എന്ന തീരുമാനം മാറ്റി മരക്കാര്‍ തീയേറ്റര്‍ റിലീസ് ആയി തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. റെക്കോര്‍ഡ് പ്രീ ബുക്കിങ്ങും ഷോകളും ഒക്കെയായി കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന ഉത്സവ പ്രതീതി മരക്കാര്‍ റിലീസിന് ദിവസങ്ങള്‍ക്കു മുന്നേ തിരിച്ചു വന്ന പ്രതീതി ഉണ്ടായി. ഹിന്ദി അടക്കം അഞ്ചു ഭാഷകളിലായി റെക്കോര്‍ഡ് ബഡ്ജറ്റില്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ഫീല്‍ നല്‍കി കൊണ്ടാണ് സിനിമയെ കുറിച്ചുള്ള ചെറു വാര്‍ത്തകള്‍ പോലും കടന്നു പോയത്. ഒപ്പം തീയേറ്റര്‍ ഒ ടി ടി റിലീസ് സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ സിനിമാ ലോകത്ത് പല അടരുകളിലായി നടക്കാനും മരക്കാര്‍ കാരണമായി.
എന്തായാലും സിനിമാ ചര്‍ച്ചകളെ കോവിഡ് കാലത്തിന് ശേഷം മരക്കാര്‍ സജീവമാക്കിയതിനു നിരവധി കാരണങ്ങളുണ്ട്. പോസ്റ്റ് ബഹുബലി കാലത്ത് പാന്‍ ഇന്ത്യന്‍ കാഴ്ചകളായി ഒരുങ്ങുന്ന ഇതിഹാസ സിനിമകള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത് പ്രിയദര്‍ശന്‍ എന്ന സംവിധായകനിലും മോഹന്‍ലാല്‍ എന്ന നടനിലും താരത്തിലും ബ്രാന്റിലും പ്രേക്ഷകര്‍ക്കുള്ള വിശ്വാസമാണ്. ഇവര്‍ ഒന്നിച്ചപ്പോള്‍ ഉണ്ടായ സിനിമകളോട് ഉള്ള ഇഷ്ടമാണ് മറ്റൊരു കാരണം. കാലാപാനിക്ക് ശേഷം ഈ ജോണറില്‍ ഉള്ള ചിത്രം പ്രിയദര്‍ശന്‍ അധികം ഒരുക്കിയിട്ടില്ല എന്നതും പ്രേക്ഷക പ്രതീക്ഷ കൂട്ടി. ഒരു വലിയ ഇടവേളക്ക് ശേഷമാണ് പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് മടങ്ങി വരുന്നത്. ഒപ്പം അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ ഒരു താരനിരയും ചിത്രത്തിലുണ്ട്. സിനിമയിലെ പാട്ടുകളും ടീസറുകളുമെല്ലാം വൈറല്‍ ആയത് ഞൊടിയിട കൊണ്ടാണ്.
എന്തായാലും പ്രീ ബുക്കിങ് കൊണ്ട് തന്നെ ചിത്രം 100 കോടി കഌിലെത്തി എന്ന അവകാശ വാദവുമായി സിനിമ റിലീസ് ആയി. മാര്‍ക്കറ്റിങ്, പ്രതീക്ഷകള്‍ ഒക്കെ വിജയം കണ്ടത് പോലെ തീയറ്ററുകള്‍ റിലീസിന് മുന്‍പേ തീയറ്ററുകളെ ജനത്തിരക്കിലാഴ്ത്തി. സിനിമയിലേക്ക് വന്നാല്‍ മാര്‍ക്കറ്റ് ചെയ്ത പ്രതീക്ഷകളിലൂടെ അല്ല സിനിമ തുടക്കം മുതല്‍ മുന്നോട്ട് പോകുന്നത്. കുഞ്ഞാലി മരക്കാറുടെ ജീവിത യാത്രയും സാമൂതിരിയുടെ നാവിക തലവന്‍ ആയി മരക്കാര്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ പോരാട്ടവും ഒക്കെ ആണ് സിനിമയുടെ പ്രധാന കഥാഗതി. ഇതിനിടയില്‍ സാമൂതിരി രാജവംശത്തിന്റെ കയറ്റിറക്കങ്ങള്‍, സംഘര്‍ഷങ്ങള്‍ ഒക്കെ സിനിമയില്‍ കടന്നു വരുന്നുണ്ട്.
ഒരു സിനിമക്ക് പ്രതീക്ഷയുടെ അമിതഭാരം വേണോ വേണ്ടയോ എന്ന് തോന്നിക്കുന്നത് എന്താണ് എന്നതിന് പല ഉത്തരങ്ങള്‍ ഉണ്ടാവും. ആ ഉത്തരങ്ങളില്‍ സിനിമക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുടെ ട്രാക്ക് റെക്കോര്‍ഡ് മുതല്‍ മാര്‍ക്കറ്റിങ് വരെ പലതും ഉണ്ടാവും. ആ ഉത്തരങ്ങളിലൂടെ എല്ലാം കടന്നു പോയാലും പ്രതീക്ഷയോടെ തീയറ്ററിലെത്താന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ച സിനിമയാണ് മരക്കാര്‍. ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന രീതിയിലല്ല സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ സഞ്ചരിക്കുന്നത്. കലാപരമായോ സാങ്കേതികമായോ മികച്ചു നില്‍ക്കുന്ന നിമിഷങ്ങള്‍ ദേശീയ അവാര്‍ഡ് വരെ എത്തിയ സിനിമ നല്‍കാത്ത വിചിത്രമായ കാഴ്ചയാണ് മരക്കാര്‍ പലയിടത്തും നല്‍കിയത്. എല്ലാ വിശകലന സാധ്യതകള്‍ക്കും അപ്പുറം ഇത്തരം സിനിമകള്‍ ഉണ്ടാക്കുന്ന ആഘോഷ മൂഡും രോമാഞ്ചമുണ്ടാക്കുന്ന സംഭാഷണങ്ങളോ യുദ്ധരംഗങ്ങളോ ഏതാണ്ട് മൂന്നു മണിക്കൂറോളം നീളമുള്ള സിനിമയില്‍ ഒരിടത്തുമില്ല. യുക്തിയേയോ വികാരങ്ങളെയോ തൃപ്തിപ്പെടുത്താന്‍ സിനിമയിലെ നീണ്ട താര സാനിദ്ധ്യത്തിനോ വന്‍ സാങ്കേതികതക്കോ സാധിച്ചിട്ടില്ല.
ഒരു സിനിമയുടെ ആത്യന്തിക വിജയം കഥാപാത്രങ്ങളുടെ പൂര്‍ണമായ നിര്‍മിതിയിലാണ് എന്ന് പറയാറുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയാണ് മറ്റൊരു വിജയ ഫോര്‍മുല. മരക്കാറിലെ ടൈറ്റില്‍ കഥാപാത്രത്തിനടക്കം പൂര്‍ണമായ ഒരു നിര്‍മിതിയില്ല. അയാള്‍ ഒരു വീര പുരുഷനോ വിജയിയോ സാധാരണക്കാരനോ പരാജിതനോ ഒന്നുമല്ല. അതി വൈകാരികമായി മണ്ടന്‍ തീരുമാനങ്ങള്‍ എടുക്കുന്ന ആളാണ്. അതും ചിലപ്പോള്‍ കൈവിട്ട് പോകുന്നു. ഒപ്പം തന്റെ സിനിമകളില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന താരങ്ങള്‍ക്കെല്ലാം ഡയലോഗും ശക്തമായ വേഷവും നല്‍കാന്‍ വേണ്ടി മാത്രം സിനിമയിലെ പല രംഗങ്ങളും ഒതുങ്ങിയ പോലെ തോന്നി. അതി വൈകാരികത ഇത്തരം സിനിമകളില്‍ തീര്‍ത്തും അപ്രതീക്ഷിതമായി കടന്നു വരുന്നത് പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവും എന്നും തോന്നുന്നില്ല. ഒപ്പം ബ്രേവ് ഹാര്‍ട്ടില്‍ നിന്നും ട്രോയില്‍ നിന്നുമൊക്കെ അത് പോലെ എടുത്ത രംഗങ്ങളും ഒട്ടും രസിപ്പിച്ചില്ല. തുടര്‍ച്ചകള്‍ ഇല്ലാത്ത രംഗങ്ങള്‍, ഭാഷ, വസ്ത്രങ്ങള്‍, കഥാഗതി ഒക്കെ തീര്‍ത്തും അപ്രതീക്ഷിതമായി തോന്നി. അന്തസ്, ആഭിജാത്യം എന്നിവയെ സംബന്ധിച്ച പ്രകട ബോധ്യങ്ങള്‍ ഇത്തവണയും സംവിധായകന്‍ തുടര്‍ന്നതും വിചിത്രമായ രീതിയിലാണ്.
സിനിമ എന്ന വ്യവസായത്തെയും തൊഴിലിടത്തെയും മരക്കാര്‍ ഉണര്‍ത്തിയത് സമാനതകള്‍ ഇല്ലാത്ത രീതിയിലായിരുന്നു. ഇത് ഉണ്ടാക്കിയ സജീവതകള്‍ മലയാളം പോലൊരു ചെറിയ സിനിമാ മേഖലക്ക് നല്‍കിയ ഊര്‍ജവും ചെറുതല്ല. പക്ഷെ ഒരു സിനിമ എന്ന നിലയിലുള്ള കാഴ്ചയും അനുഭവവും ഒട്ടും സുഖകരമായിരുന്നില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button