KERALA
ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓർഡിനൻസ്; പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റ്
നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. കേരള ആരോഗ്യ സർവകലാശാല ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവയുമായും ചർച്ചകൾ നടത്തും. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെ സംഘടനകൾ സർക്കാറിന് നൽകിയ നിവേദനങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കും.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷാസംബന്ധിച്ച് ആരോഗ്യവകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ,ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിൽ പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കണം. മറ്റ് ആശുപത്രികളിലും പോലീസിന്റെ പൂർണ്ണ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും ഓരോ ആറുമാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണം. സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരെ നിയമിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. പ്രതികളെയും അക്രമസ്വഭാവമുള്ള ആളുകളെയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോക്ടർ വി പി ജോയ്, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു,സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, മുഖ്യമന്ത്രിയുടെ മുൻസിപ്പൽ ഡോ:കെ എം എബ്രഹാം, പ്രിൻസിപ്പൽ സെക്രട്ടറിമാരായ എപിഎം മുഹമ്മദ് ഹനീഷ്, ടിങ്കു ബിസ്വാൾ, എഡിജിപി മാരായ എം ആർ അജിത് കുമാർ, ടി.കെ വിനോദ് കുമാർ, നിയമവകുപ്പ് സെക്രട്ടറി ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു