ആശമാർക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആശമാർക്കുള്ള ആനുകൂല്യം വര്‍ധിപ്പിക്കാനാണ് നീക്കം. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കും. കോണ്‍ഗ്രസ് നിര്‍ദ്ദേശം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നേരത്തെ യുഡിഎഫ് ഭരിക്കുന്ന കൊല്ലം ജില്ലയിലെ തൊടിയൂരും തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരും ആശവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിരുന്നു. തൊടിയൂരില്‍ ഗ്രാമപഞ്ചായത്ത് ബജറ്റിലാണ് 1000 രൂപ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. 46 ആശവര്‍ക്കര്‍മാരാണ് പഞ്ചായത്തിലുള്ളത്. പഴയന്നൂര്‍ പഞ്ചായത്തില്‍ ആശമാര്‍ക്ക് 2000 രൂപ ഇന്‍സെന്റീവായി നല്‍കാനാണ് തീരുമാനം. ഇതിനായി എട്ടുലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അതേസമയം ഓണറേറിയം വര്‍ധിപ്പിക്കുന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് 47 ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നിരിക്കുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നിരാഹാരം ഇരുന്ന ആശാപ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു ആശാവര്‍ക്കര്‍ കെ പി തങ്കമണി എന്നിവരെയാണ് കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്ക് പകരമായി പുത്തന്‍തോപ്പ് സി എച്ച് സി യിലെ ആശാവര്‍ക്കര്‍ ബീനാപീറ്റര്‍ , പാലോട് സി എച്ച് സി യിലെ എസ് എസ് അനിതകുമാരി എന്നിവര്‍ നിരാഹാര സമരം ഏറ്റെടുത്തു.
