പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇതോടൊപ്പം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്, ഝാർഖണ്ഡ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് എന്നിവയുടെയും കൊട്ടിക്കലാശം ഇന്നാണ്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ച. പാലക്കാട്ട് പരസ്യപ്രചാരണത്തിന്റെ സമയപരിധി വൈകീട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്നും പാലക്കാട് ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. നിശ്ശബ്ദ പ്രചാരണ സമയത്ത് നിയമവിരുദ്ധമായി ആളുകള്‍ കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല.
വ്യാപക എസ്.എം.എസ്/വോയ്സ് മെസേജുകള്‍, സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, എക്സിറ്റ് പോള്‍ മുതലായവ അനുവദിക്കില്ല. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അര മണിക്കൂര്‍ കഴിയും വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് നിരോധനം.
മഹാരാഷ്ട്രയിൽ 26നകം പുതിയ സർക്കാർ നിലവിൽവരണം. എൻ.സി.പി, ശിവസേന പാർട്ടികളുടെ പിളർപ്പിനും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കും പിന്നാലെ വരുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നാല് പാർട്ടികൾക്കും അഞ്ച് നേതാക്കൾക്കും നിർണായകമാണ്. ഝാർഖണ്ഡിൽ നവംബർ 13ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 66.65 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.