ആവശ്യക്കാരില്ല; ഈ ഓണത്തിന് പഴം അത്ര ‘സേഫ് അല്ല’; വ്യാപാരികൾ ആശങ്കയിൽ
തിരൂർ ∙ ഓണക്കാലമായിട്ടും പഴത്തിന് ആവശ്യക്കാരില്ലാത്തതിൽ പഴ വ്യാപാരികൾക്ക് ആശങ്ക. ചിങ്ങം പിറന്നിട്ടും നേന്ത്രപ്പഴത്തിനു പോലും കാര്യമായ ആവശ്യക്കാരില്ലാത്ത സ്ഥിതിയാണ്. ചിങ്ങമാസം തുടങ്ങിയാൽ നേന്ത്രപ്പഴത്തിന് 65 രൂപയെങ്കിലും വിലയുണ്ടാകേണ്ടതാണെന്നു വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണയ്ക്കു വില കൂടിയതോടെ ചിപ്സ് വിപണിയിലുണ്ടായ മാന്ദ്യമാണ് ഒരു കാരണം. ചിപ്സ് വ്യാപാരത്തിലുണ്ടായ കുറവ് പഴ വ്യാപാരത്തെയും കാര്യമായി ബാധിച്ചു. കിലോയ്ക്ക് 37 – 40 രൂപ വിലയിട്ടാണ് മൊത്തവിതരണക്കാർ നൽകുന്നത്. പഴുത്ത പഴത്തിന് 40 രൂപയിട്ടും മൊത്തവിതരണക്കാർ നൽകുന്നുണ്ട്. 48 രൂപയാണു ചില്ലറ വിൽപനക്കാർ വാങ്ങുന്നത്. കഴിഞ്ഞ 9ന് 50 രൂപയായിരുന്നു വില. ചെറുപഴം 28 – 30 രൂപയ്ക്ക് മൊത്തവിൽപനക്കാർ വിൽക്കും. ഇത് 40 രൂപയ്ക്ക് ചില്ലറ വിൽപനക്കാരും വിൽക്കുന്നുണ്ട്. റോബസ്റ്റ പഴത്തിന് ചില്ലറ വിൽപനക്കാർ 35 രൂപയാണ് വാങ്ങുന്നത്.കർണാടകയിൽ നിന്നാണ് പഴങ്ങളെല്ലാം നിലവിൽ വരുന്നത്. മുൻപ് വയനാട്ടിൽ നിന്നായിരുന്നു ഓണക്കാലത്തേക്കുള്ള പഴം വന്നിരുന്നത്. ഗൂഡല്ലൂർ, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലെല്ലാം വ്യാപകമായി നേന്ത്രവാഴക്കൃഷിയുണ്ട്. ഓണക്കാലം കണക്കാക്കിയാണ് ഇവിടെ കൃഷി നടക്കുന്നത്. പാലക്കാട് കുമ്പിടി ഭാഗത്തും കൃഷിയുണ്ട്. ഇതാണ് നാടൻ കുലയായി എത്തുന്നത്. ഞാലിപ്പൂവൻപഴങ്ങളിലെ താരം ഞാലിപ്പൂവനാണ്. വിലയാണ് കാരണം. കിലോയ്ക്ക് ചില്ലറ വിൽപനക്കാർ 80 രൂപയോളം വിലയിട്ടാണ് വിൽക്കുന്നത്. കർണാടകയിൽ നിന്നാണ് നിലവിൽ ഈ പഴം വരുന്നത്. ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. 1000 കുലകൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 100 കുലകൾ മാത്രമാണ് വരുന്നത്.