ആളിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടെന്ന് പരാതി; വാദം തള്ളി തമിഴ്‌നാട്.
തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു വിട്ടതായി പരാതി. പാലക്കാട് പുഴകളില്‍ കുത്തൊഴുക്ക് ശക്തമായതോടെ ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകകയാണ്. ഡാം തുറന്നു വിട്ടതോടെ യാക്കരപ്പുഴയിലേക്കു വെള്ളം അധികമായെത്തിയത്. ആശങ്കയ്ക്ക് വഴിവെച്ചു. സെക്കന്റില്‍ ആറായിരം ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. വെള്ളം തുറന്നു വിടുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും വിവരം നല്‍കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. സെക്കന്റില്‍ ആറായിരം ക്യൂ സെക്‌സ് വെള്ളം തുറന്നു വിടുമെന്ന് ഇന്നലെ ജലവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെന്നുമാണ് തമിഴ്‌നാടിന്റെ വിശദീകരണം. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം താഴെത്തട്ടിലേക്ക് എത്തിയില്ലെന്ന ആരോപണമാണ്നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ട് വീണ്ടും ഉയർത്തി. ഒരു ഷട്ടറിന്‍റെ 40 സെൻറീമീറ്റർ മുതൽ ഒരു മീറ്റർ വരെയാണ് ഷട്ടർ ഉയർത്തിയത്. ഏകദേശം 40 കുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നല്‍കി.ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്നും നാലും സ്പില്‍വേ ഘട്ടറുകള്‍ തുറന്ന് 772 ഘനയടി ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. പിന്നാലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയർത്തിയിരുന്നു. ഇതിന് ആനുപാതികമായാണ് പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നത്.
മുല്ലപ്പെരിയാറില്‍ അണക്കെട്ടിലെ ജലനിരപ്പ് രാവിലെയോടെ 141 അടിയിലേക്ക് ഉയര്‍ന്നിരുന്നു. പ്രദേശത്ത് ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ്.