‘അധികാരം ഇപ്പോഴുമുണ്ട്, കടമ നിർവഹിക്കുക തന്നെ ചെയ്യും’; ജലീലിന് ലോകായുക്തയുടെ മറുപടി

തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി ജലീലിന്റെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും പേരെടുത്ത് പറയാതെ മറുപടിയുമായി ലോകായുക്ത, സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹരജി പരിഗണിക്കവെയാണ് ലോകായുക്തയുടെ പരാമർശം.
രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ അടക്കമുള്ളവരുടെ വിവാദങ്ങൾക്ക് മറുപടിയില്ല. ഓരോരുത്തരും അവരുടെ ജോലി ചെയ്തോട്ടെ. തങ്ങളുടെ ജോലി ഭംഗിയായി നിർവഹിക്കുക എന്നതാണ് ലോകായുക്തയുടെ കടമ.
സെക്ഷൻ 14 പ്രകാരം ഒരു ഹരജി പരിഗണിച്ച് അതിന്റെ അന്തിമ വിധി റിപ്പോർട്ട് ആയി നൽകാനുള്ള അധികാരം ലോകായുക്തക്ക് ഇപ്പോഴുമുണ്ട്. ആ കടമ തങ്ങൾ നിർവഹിക്കുക തന്നെ ചെയ്യുമെന്നും ലോകായുക്ത വ്യക്തമാക്കി.
‘ഒരു എല്ലിൻ കക്ഷണവുമായി പട്ടി റോഡിൽ കിടന്ന് കടികൂടുമ്പോൾ അതിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ പട്ടി വിചാരിക്കുന്നത് അതിന്റെ എല്ല് എടുക്കാനാണെന്നാണ്. എന്നാൽ, ആ എല്ലുമായി പട്ടി ഗുസ്തികൂടട്ടെ’ എന്ന ഉപമ ലോകായുക്ത പറയുകയും ചെയ്തു.
