മഞ്ഞുവീഴ്ച: അരുണാചലില്‍ ഏഴ് സൈനികരുടെ മരണം സ്ഥിരീകരിച്ച് സേന

ന്യൂഡൽഹി :കഴിഞ്ഞ ദിവസം അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികരുടെയും മരണം സേന സ്ഥിരീകരിച്ചു. ഞായറാഴ്ച പട്രോളിങ്ങിനിടെ കെമങ് മേഖലയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ തെരയുന്നതിനായി എയര്‍ലിഫ്റ്റ് സംവിധാനമടക്കം സജ്ജമാക്കിയെങ്കിലും ആരെയും ജീവനോടെ രക്ഷിക്കാനായില്ല. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് സൈന്യം അറിയിച്ചു. ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് ഇവരുടെ മൃതദേഹങ്ങള്‍ എത്തിക്കും. സൈനികരെ ജീവനോടെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ തിരച്ചില്‍ നിര്‍ത്തി.
സമുദ്രനിരപ്പില്‍ നിന്ന് 14500 അടി ഉയരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 2022ല്‍ സിക്കിമിലും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചിരുന്നു. അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തി ഭാഗങ്ങളില്‍ ഈ മാസം കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടാകുന്നത്. ഇറ്റാനഗറിനടുത്തുള്ള ഡാരിയ ഹില്ലില്‍ 34 വര്‍ഷത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍ മഞ്ഞുവീഴ്ചയുണ്ടായി. വെസ്റ്റ് കമെങ് ജില്ലയിലെ രൂപ പട്ടണത്തിലും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മഞ്ഞുവീഴ്ചയുണ്ടായെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
