ആറുവരിപ്പാത നിർമാണം; ചമ്രവട്ടം ജംക്ഷനിൽ ഇനിയും സ്ഥലം വേണം
പൊന്നാനി: ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി ചമ്രവട്ടം ജംക്ഷനിൽ ഇനിയും സ്ഥലമെടുപ്പ്. 45 മീറ്റർ വീതിക്കു പുറമേ ജംക്ഷനിൽ സർവീസ് റോഡുകൾ കൂടി വരുന്നതിനാൽ ഇരുഭാഗത്തും മൂന്നര മീറ്റർ വീതിയിലെങ്കിലും സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങും. ജംക്ഷനിൽ സർവീസ് റോഡുകളുടെ നിർമാണം അടുത്തയാഴ്ച തുടങ്ങും. സർവീസ് റോഡ് നിർമിച്ചാൽ നിലവിലുള്ള റോഡിൽ ഗതാഗതം നിയന്ത്രിച്ച് മേൽപാലത്തിനുള്ള നിർമാണം ആരംഭിക്കും. നിലവിൽ അർബൻ ബാങ്ക് കെട്ടിടം നിലനിൽക്കുന്ന ഭാഗത്തുനിന്നാണ് സർവീസ് റോഡ് ആരംഭിക്കുക. ടാറിങ് പൂർത്തിയായാൽ ഇൗ ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് വാഹനങ്ങൾ കടത്തി വിടും. പ്രധാന റോഡ് അടച്ചാൽ മാത്രമേ പാലം പണി തുടങ്ങാൻ കഴിയുകയുള്ളൂ. ഇരു ഭാഗത്തും 7 മീറ്റർ വീതിയിലാണ് സർവീസ് റോഡ് നിർമിക്കുന്നത്.
സർവീസ് റോഡുകൾ എടപ്പാൾ–പൊന്നാനി റോഡിലേക്ക് തിരിച്ചു വിടേണ്ടതിനാൽ നേരത്തേ നിശ്ചയിച്ച സ്ഥലത്തിനു പുറമേ കുറച്ചു കൂടി ഭൂമി ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭൂമിയുടെ കണക്കെടുപ്പ് അടുത്ത ദിവസം നടക്കും. ജംക്ഷനിൽ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പൊളിച്ചു തീർത്ത് സർവീസ് റോഡ് നിർമാണത്തിനായുള്ള മണ്ണ് നികത്തിത്തുടങ്ങും. കുറ്റിപ്പുറം മുതൽ പുതുപൊന്നാനി വരെയുള്ള ദേശീയപാതയോരത്ത് നിർമാണം നടക്കുന്നുണ്ട്. ചില ഭാഗങ്ങളിൽ സർവീസ് റോഡുകളുടെ ടാറിങ് പുരോഗമിക്കുകയാണ്. ഇടവേളകളില്ലാതെ ആറുവരിപ്പാതയ്ക്കായുള്ള നിർമാണം നടക്കുന്നുണ്ട്.