ആറുവരിപ്പാതയിൽ ബസ് സ്റ്റോപ്പുകൾ ഇല്ല; സർവീസ് റോഡുകളിലെ സ്റ്റോപ്പുകൾ സ്ഥാനം മാറും
ആറുവരിപ്പാത പൂർണമായി ഗതാഗതത്തിന് തുറന്നു നൽകുന്നതോടെ മലപ്പുറം ജില്ലയിലെ 75 കിലോമീറ്റർ ദേശീയപാതയോരത്തെ സർവീസ് റോഡുകളിൽ സമഗ്ര ട്രാഫിക് പരിഷ്കാരം നടപ്പാക്കും. നേരത്തേയുണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ പലയിടത്തും മാറ്റിസ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് ജോലികൾ ആരംഭിച്ചു. ആറുവരിപ്പാതയിലൂടെ ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പുകൾ കടന്നുപോകുമെങ്കിലും ആറുവരിപ്പാതയിൽ ബസ് സ്റ്റോപ്പുകൾ ഉണ്ടാകില്ല.
ബസുകൾ സ്റ്റോപ്പിലെത്താൻ ആറുവരിപ്പാതയിൽനിന്ന് പുറത്തുകടന്ന് സർവീസ് റോഡ് വഴി നിർത്തേണ്ട സ്ഥലത്തെത്തണം. നേരത്തേയുണ്ടായിരുന്ന സ്റ്റോപ്പുകളുടെ സ്ഥാനത്ത് ഇപ്പോൾ സർവീസ് റോഡുകളും ഓടകളും നിർമിച്ചിട്ടുണ്ട്.
സർവീസ് റോഡുകൾക്ക് വീതി കുറവായ സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കുകയാണ്. നേരത്തേ ബസ് സ്റ്റോപ് ഇല്ലാതിരുന്ന കുറ്റിപ്പുറം ഹൈവേ ജംക്‌ഷനിൽ ആറുവരിപ്പാതയുടെ ഭാഗമായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നുണ്ട്.
ബസ് യാത്രക്കാർക്ക് ആറുവരിപ്പാതയുടെ ഇരുവശത്തേക്കും എത്തിപ്പെടാൻ കഴിയുന്ന മേൽപാതകളും അടിപ്പാതകളുമുള്ള ഭാഗത്തായിരിക്കണം ലിമിറ്റഡ് സ്റ്റോപ്പുകൾ അടക്കം സ്ഥാപിക്കാൻ എന്ന ആവശ്യം ഉയരുന്നുണ്ട്. അല്ലാത്തപക്ഷം യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങിയശേഷവും ചുറ്റിസഞ്ചരിക്കേണ്ടിവരും. സർവീസ് റോഡുകൾക്ക് സമീപത്ത് മേൽക്കൂരയോടു കൂടിയ കാത്തിരിപ്പു കേന്ദ്രങ്ങളാണ് നിർമിക്കുന്നത്.
ആറുവരിപ്പാതയുടെ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. മാർച്ച് 31ന് അകം ജോലികൾ പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്ക് കൈമാറാനാണ് കരാർ കമ്പനിക്ക് നൽകിയിട്ടുള്ള നിർദേശം. മാർച്ചിൽ നിർമാണം പൂർത്തിയായാൽ മേയ് മാസത്തോടെ പുതിയ പാത ഗതാഗതത്തിനായി തുറന്നുനൽകും.