KERALA

അരിക്കും ഗോതമ്പിനും പയറുവർഗങ്ങൾക്കും വിലകൂടും

രാജ്യമാകെ നാളെ മുതൽ അരി, ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും വില കൂടും. അഞ്ച് ശതമാനം വില വർധിപ്പിച്ച് ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തിയതാണ് കാരണം.
കഴിഞ്ഞ മാസം 28നും 29നും ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനം അനുസരിച്ച് ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെ തൂക്കമുള്ള ധാന്യങ്ങൾക്കും
പയറുവർഗങ്ങൾക്കുമാണ് നികുതി
ഏർപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വാങ്ങുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്. ഇതുവരെ പാക്കറ്റിൽ വിൽക്കുന്ന ബ്രാൻഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതിയുണ്ടായിരുന്നത്.

നികുതി ചുമത്തുന്നതോടെ കിലോയ്ക്ക് 50 രൂപ വിലയുള്ളവയ്ക്ക് രണ്ടര രൂപ വരെ വിലക്കയറ്റം ഉറപ്പായി. കിലോയ്ക്ക് 100 രൂപയിലധികം വിലയുള്ള ബസ്മതി അരിക്കും മറ്റും 5 രൂപ വരെ വില ഉയരാം. 5 വർഷം മുൻപ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ അരി, പച്ചക്കറി, മുട്ട, മൽസ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. പാക്കറ്റിലല്ലാതെ കോഴിയിറച്ചി വിൽക്കുമ്പോൾ പോലും ഈടാക്കാത്ത നികുതി അടിസ്ഥാന ഭക്ഷണമായ ധാന്യങ്ങൾക്കു മേൽ ചുമത്തിയിട്ട് സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുകയാണ്. കാരണം സംസ്ഥാനങ്ങളുടെ നികുതി വരുമാനവും വർധിക്കുമെന്നതു തന്നെ.
ഇന്ധനവില വർധന കാരണം രൂക്ഷമായ വിലക്കയറ്റം നിലനിൽക്കെ അരിക്കും ധാന്യങ്ങൾക്കും കൂടി വിലയേറുമ്പോൾ ഹോട്ടൽ ഭക്ഷണത്തിനും വില ഉയരാം. പുതിയ നികുതിയിലൂടെ രാജ്യത്താകെ നിന്ന് 25,000 കോടിയിലേറെ രൂപ പിരിച്ചെടുക്കാനാകുമെന്നാണു കണക്കുകൂട്ടൽ. ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്കും ലഭിക്കും. മില്ലുകളിൽ നിന്നു ലേബൽ ചെയ്ത് എത്തിക്കുന്നതിനാൽ റേഷനരിക്കു വരെ നികുതി ബാധകമായേക്കും. ഇത് ഒഴിവാക്കണമെങ്കിൽ കേന്ദ്ര സർക്കാർ പ്രത്യേക ഇടപെടൽ നടത്തേണ്ടി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button