MALAPPURAM

‘ആരോഗ്യ നില മോശം’; മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ല

മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി. കാർത്തിക് വ്യക്തമാക്കുന്നത്. ആനയെ പുറത്തെത്തിച്ചു ശേഷം സമീപത്തെ കാട്ടിലേയ്ക്ക് വിടാനാണ് നിലവിലെ തീരുമാനം. നാളെയും നിരീക്ഷണം തുടരും. നാട്ടുകാരുമായി ചർച്ച തുടരുകയാണെന്ന് ഡിഎഫ്ഒ കൂട്ടിച്ചേർത്തു.

ആനയെ മയക്കുവെടി വെച്ച് കിണറ്റിൽ നിന്ന് കയറ്റി മറ്റൊരു ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. നിലവിലെ വനംവകുപ്പിന്റെ തീരുമാനത്തിൽ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം അറിയിക്കുകയാണ് നാട്ടുകാർ. കാട്ടാനയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കുന്നതിനായി എത്തിച്ച മണ്ണു മാന്തി യന്ത്രവും നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ചർച്ചയിൽ ധാരണയായതിന് ശേഷം
മാത്രം രക്ഷാപ്രവർത്തനം മതിയെന്ന തീരുമാനത്തിലാണ് നാട്ടുകാർ.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.
അതേസമയം, കാട്ടാനയെ കരയ്ക്ക് കയറ്റും മുമ്പ് കൃഷിഭൂമി ഉടമയ്ക്ക് നഷ്ടം നൽകാൻ സർക്കാർ തയ്യാറാകണമെന്നു കേരള കോണ്‍ഗ്രസ് കര്‍ഷക സംഘടനയായ കർഷക യൂണിയൻ (M) സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു.

വന്യമൃഗങ്ങൾ വന്നു വീഴുന്ന ശുദ്ധജല സ്രോതസുകളടക്കം ജെസിബിയും മറ്റും ഉപയോഗിച്ച് വഴിവെട്ടി നശിപ്പിച്ച ശേഷം മൃഗങ്ങളെയും രക്ഷിച്ചു കൊണ്ട് പോവുകയാണ് കാലാകാലങ്ങളായി വന വകുപ്പ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ആന കിണറ്റില്‍ വീണ കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കുടിവെള്ള സ്രോതസാണ് കാട്ടാന വീണതിലൂടെ നഷ്ടമായിരിക്കുന്നത്. വന നിയമത്തിന്റെ പേരിൽ വനപാലകർ നടത്തുന്ന ക്രൂരമായ ഇടപെടൽ മൂലം പ്രതിരോധത്തിന് പോലും കർഷകർക്ക് കഴിയുന്നില്ല. നഷ്ടപരിഹാരം നൽകിയിട്ട് ആനയെ കരയ്ക്ക് കയറ്റിയാൽ മതിയെന്ന് ഹഫീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button