‘ആദിപുരുഷി’നെ ട്രോളി സെവാഗും; ചിരിച്ച് മറിഞ്ഞ് നെറ്റിസൺസ്
ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ഓം റൗത് സംവിധാനം ചെയ്ത് ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രം ഒട്ടേറെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഏറ്റുവാങ്ങുന്നത്. സിനിമയിലെ വി.എഫ്.എക്സും ഡയലോഗുകളും കോസ്റ്റ്യൂമുമാണ് ഏറെ ട്രോൾ ചെയ്യപ്പെടുന്നത്. രാമായണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന സിനിമ ബോക്സ് ഓഫിസിലും വലിയ പരാജയമായി മാറിയതായാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് തമാശ പോസ്റ്റുകളാണ് ആദിപുരുഷുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും തന്റെ വക ഒരു ആദിപുരുഷ് ട്രോൾ പങ്കുവെച്ചിട്ടുണ്ട്. ‘‘ആദിപുരുഷ് കണ്ടപ്പോൾ, കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് മനസ്സിലായി’’ – ഇങ്ങനെയായിരുന്നു സെവാഗിന്റെ ട്വീറ്റ്. പ്രഭാസ് നായകനായ ബാഹുബലി എന്ന ചിത്രമാണ് ആദിപുരുഷിനെ ട്രോളാനായി സെവാഗ് ഉപയോഗിച്ചത്. ബാഹുബലി ഒന്നാം ഭാഗം അവസാനിക്കുന്നത്, സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം പ്രഭാസിന്റെ കഥാപാത്രത്തെ കൊലപ്പെടുത്തുന്ന രംഗത്തോടെയായിരുന്നു