കോക്കൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോദികയുടെ സ്ഥലം കയ്യേറിയതായി പരാതി


ചങ്ങരംകുളം: കോക്കൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോദികയുടെ സ്ഥലം കയ്യേറിയെന്ന പരാതിയുമായി വയോദികയും ബന്ധുക്കളും രംഗത്ത്. കോക്കൂർ സെന്ററിൽ താമസിക്കുന്ന മനത്താനത്ത് പടി ശാന്തയാണ് പരാതിയുമായി രംഗത്ത് എത്തിയത്. വീടിന് പുറകിൽ മദ്രസയ്ക്കായി വിട്ടുകൊടുത്ത സ്ഥലത്തേക്ക് മൂന്നര അടി വഴി മാത്രമാണ് ഉണ്ടായിരുന്നതെന്നും പിന്നീട് തങ്ങളുടെ സ്ഥലം കയ്യേറിയാണ് മദ്രസയിലേക്ക് വാഹനങ്ങൾ കൊണ്ട് പോവുന്നതെന്നും ശാന്തയും ബന്ധുക്കളും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മദ്രസയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് തങ്ങളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിന് വൃദ്ധയായ വീട്ടമ്മയെ അസഭ്യം പറയുകയും അക്രമിക്കുകയുമാണ് ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കും, ഡിവൈഎസ്പിക്കും ചങ്ങരംകുളം പോലീസിനും പരാതി നൽകിയെങ്കിലും കൃത്യമായി നടപടിയെടുത്തില്ലെന്നും ആരോപിച്ചാണ് ശാന്തയും ബന്ധുക്കളും ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകരെ കണ്ടത്. ശാന്തയെ കൂടാതെ സഹോദരി സരസ്വതി, മകൻ പി.ഡി പ്രശാന്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
